ക്യാംപ് നൗ: യൂറോ കപ്പില്‍ സ്‌പെയിനിന് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സൂപ്പര്‍ താരം ഡാനി ഒല്‍മോയെ ടീമിലെത്തിക്കാന്‍ ക്ലബ്ബുകള്‍ തമ്മില്‍ വന്‍ മല്‍സരം. തുടക്കം മുതല്‍ ഒല്‍മോയ്ക്കായി ഓഫര്‍ നല്‍കിയത് ബാഴ്‌സലോണയാണ്. സ്വന്തം നാട്ടില്‍ കളിക്കാനുള്ള താരത്തിന്റെ ഈ ആഗ്രഹം നടക്കുമോ എന്നറിയാന്‍ ഓഗസ്റ്റ് അവസാനം വരെ കാത്തുനില്‍ക്കണം.
ഒല്‍മോയുടെ നിലവിലെ ക്ലബ്ബ് ആര്‍പിലെപ്‌സിഗ് ബാഴ്‌സയുടെ ആദ്യ ഓഫര്‍ തള്ളിയിരുന്നു. വന്‍ തുകയ്ക്ക് താരത്തെ വില്‍ക്കാനാണ് ജര്‍മ്മന്‍ ക്ലബ്ബിന്റെ നീക്കം. എന്നാല്‍ ബാഴ്‌സ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ പ്രധാന ടാര്‍ഗറ്റ് മിഡ്ഫീല്‍ഡര്‍ ഡാനി ഒല്‍മോയാണെന്ന് ബാഴ്‌സ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയതായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒല്‍മോയ്ക്കായി രംഗത്ത് വന്നിരിക്കുന്നത്. സിറ്റിയുടെ പ്രഥമ പരിഗണനിയിലുള്ള താരങ്ങളില്‍ ഒല്‍മോയും ഉണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഒല്‍മോയ്ക്കായുള്ള റേയിസില്‍ അണി നിരന്നിട്ടുണ്ട്.
യൂറോയില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് താരം മൂന്ന് ഗോളുകള്‍ നേടുകയും രണ്ട് അസിസ്റ്റുകള്‍ നേടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സിഗിനായി ജര്‍മ്മന്‍ കപ്പ് സ്വന്തമാക്കിയ താരം 25 മല്‍സരങ്ങളില്‍ നിന്ന് എട്ട് ഗോളും അഞ്ച് അസിസ്റ്റും നേടിയിട്ടുണ്ട്. 60 മില്ല്യണ്‍ യൂറോയാണ് ലെപ്‌സിഗ് താരത്തിന് വിലയിട്ടിരിക്കുന്നത്.