ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് എയര്‍ബസ് കമ്പനിയില്‍ നിന്ന് 160 വിമാനങ്ങള്‍ കൂടി വാങ്ങുന്നു. ഇതിനുള്ള കരാര്‍ ഒപ്പുവെച്ചതായി ഫ്‌ളൈ നാസ് അറിയിച്ചു. ലണ്ടനില്‍ നടക്കുന്ന ഫാണ്‍ബറ ഇന്റര്‍നാഷണല്‍ എയര്‍ഷോയോടനുബന്ധിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജിന്റെയും ഫ്‌ളൈ നാസ് ചെയര്‍മാന്‍ ആയിദ് അല്‍ജുഅയ്ദിന്റെയും എയര്‍ബസ് കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യന്‍ ഷെറരിന്റെയും സാന്നിധ്യത്തില്‍ ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദര്‍ അല്‍മുഹന്നയും എയര്‍ബസ് കമ്പനി കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പോള്‍ മീയേഴ്‌സുമാണ് കരാറില്‍ ഒപ്പുവെച്ചത്.
എയര്‍ബസ് നിയോ 330 എ ഇനത്തില്‍ പെട്ട വീതികൂടിയ 30 വിമാനങ്ങളും എയര്‍ബസ് 320 എ വിഭാഗത്തില്‍ പെട്ട, സിംഗിള്‍ കോറിഡോറുള്ള വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 130 വിമാനങ്ങളും വാങ്ങാനാണ് ഫ്‌ളൈ നാസ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ ഏഴു വര്‍ഷത്തിനിടെ എയര്‍ബസ് വിമാനങ്ങള്‍ക്കുള്ള ഫ്‌ളൈ നാസ് ഓര്‍ഡറുകള്‍ 280 വിമാനങ്ങളായി ഉയര്‍ന്നു. മേഖലയിലെ ഏറ്റവും വലിയ വിമാന ഓര്‍ഡറുകളില്‍ ഒന്നായി ഫ്‌ളൈ നാസ് ഇടപാടുകള്‍ മാറി.
വിഷന്‍ 2030 ന്റെ പിന്തുണയോടെ സൗദിയില്‍ വ്യോമയാന മേഖല സാക്ഷ്യം വഹിക്കുന്ന വളര്‍ച്ചയുമായി പൊരുത്തപ്പെട്ടുപോകാനും, വളര്‍ച്ചക്കും വികസനത്തിനുമുള്ള കമ്പനിയുടെ പദ്ധതി സാക്ഷാല്‍ക്കരിക്കാനും, ലോകത്തെ ഏറ്റവും മികച്ച ബജറ്റ് വിമാന കമ്പനി എന്ന നിലക്കുള്ള സ്ഥാനം മെച്ചപ്പെടുത്താനും ശ്രമിച്ചാണ് പുതിയ വിമാനങ്ങള്‍ക്ക് ഫ്‌ളൈ നാസ് കരാര്‍ ഒപ്പുവെച്ചത്.
2030 ഓടെ ലോകത്തെ 250 ലേറെ നഗരങ്ങളുമായി സൗദി അറേബ്യയെ വിമാന സര്‍വീസുകളില്‍ ബന്ധിപ്പിക്കാനും സൗദിയിലെ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയര്‍ത്താനും ഉന്നമിടുന്ന ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഫ്‌ളൈ നാസിന്റെ പുതിയ വിമാന ഇടപാട് സഹായിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.
ബജറ്റ് വ്യോമയാന ഭൂപടത്തില്‍ ആഗോള തലത്തിലെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഫ്‌ളൈ നാസിന്റെ പ്രതിബദ്ധതയാണ് 160 വിമാനങ്ങള്‍ക്കുള്ള പുതിയ കരാര്‍ സ്ഥിരീകരിക്കുന്നതെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനത്തിന്റെയും നെറ്റ്‌വര്‍ക്കിന്റെയും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനാണ് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇരട്ടിയായി ഉയര്‍ത്തിയത്. ഏഴു വര്‍ഷത്തിനിടെ എയര്‍ബസ് കമ്പനിയുമായി ഫ്‌ളൈ നാസ് ഒപ്പുവെക്കുന്ന രണ്ടാമത്തെ കരാറാണിത്. 2016 ല്‍ 120 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസ് കമ്പനിയുമായി ഫ്‌ളൈ നാസ് കരാര്‍ ഒപ്പുവെച്ചിരുന്നു. വീതി കൂടിയ എയര്‍ബസ് നിയോ 330 എ ഇനത്തില്‍ പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ ഫ്‌ളൈ നാസ് ഒപ്പുവെക്കുന്ന ആദ്യ ഇടപാടാണിത്. പുതിയ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ 2027 ആദ്യ പാദം മുതല്‍ കമ്പനിക്ക് ലഭിച്ചു തുടങ്ങും.
പുതിയ വിമാന ഇടപാട് ആയിരക്കണക്കിന് സ്വദേശി യുവതീയുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
2030 ഓടെ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 160 ലേറെയായി ഉയരും. നിലവില്‍ കമ്പനിക്കു കീഴില്‍ 61 വിമാനങ്ങളാണുള്ളത്. ഇതില്‍ 53 എണ്ണം ഏറ്റവും ഇന്ധനക്ഷമത കൂടിയ എയര്‍ബസ് നിയോ 320 എ ഇനത്തില്‍ പെട്ടവയാണ്. എയര്‍ബസ് സി.ഇ.ഒ 320 എ ഇനത്തില്‍ പെട്ട നാലു വിമാനങ്ങളും വീതി കൂടിയ എയര്‍ബസ് സി.ഇ.ഒ 330 എ ഇനത്തില്‍ പെട്ട നാലു വിമാനങ്ങളും കമ്പനിക്കു കീഴിലുണ്ടെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.