റിയാദ്: ആസ്റ്റണ്‍ വില്ലയ്ക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഫ്രഞ്ച് വിങര്‍ മൂസാ ദിയാബി പുതിയ സീസണില്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഇത്തിഹാദിന് വേണ്ടി കളിക്കും. കഴിഞ്ഞ വര്‍ഷമാണ് ദിയാബി ബയേണ്‍ ലെവര്‍കൂസനില്‍ നിന്ന് വില്ലയിലെത്തിയത്. അന്ന് 5.2 കോടി പൗണ്ടിനായിരുന്നു താരത്തിന്റെ ക്ലബ്ബിലേക്കുള്ള വരവ്. അഞ്ച് വര്‍ഷത്തെ കരാറിലായിരുന്നു താരം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിലെത്തിയത്.
എന്നാല്‍ അല്‍ ഇത്തിഹാദിന്റെ വമ്പന്‍ ഓഫര്‍ വന്നതോടെ താരം കരാര്‍ പൂര്‍ത്തീകരിക്കാനാവാതെ ക്ലബ്ബ് വിടുകയാണ്. 50 മില്ല്യണ്‍ യൂറോയ്ക്കാണ് ഇത്തിഹാദ് താരത്തെ സ്വന്തമാക്കിയത്. 54 മല്‍സരങ്ങളില്‍ നിന്നായി വില്ലയ്ക്കായി 10 ഗോള്‍ സ്‌കോര്‍ ചെയ്യുകയും ഒമ്പത് അസിസ്റ്റുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തിഹാദുമായി അഞ്ച് വര്‍ഷത്തെ കരാറാണ് 25 കാരന്‍ ഒപ്പുവച്ചത്.
ഇത്തിഹാദിന്റെ ഭാഗമാവുന്നതില്‍ വളരെയേറെ സന്തോഷവാനാണെന്നും ക്ലബ്ബിന്റെ ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്നും ദിയാബി വ്യക്തമാക്കി. ഇതിന് മുമ്പ് പ്രീമിയര്‍ ലീഗില്‍ നിന്നും സൗദിയിലെത്തിയ താരങ്ങളുടെ മികവ് തുടരുമെന്നും താരം വ്യക്തമാക്കി. കരീം ബെന്‍സിമ, എന്‍ഗോളോ കാന്റെ, ഫാബിനോ എന്നിവര്‍ യൂറോപ്പില്‍ നിന്നെത്തിയ അല്‍ ഇത്തിഹാദ് താരങ്ങളാണ്.