ജിദ്ദ – മധ്യജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഓപ്പണ്‍ സൂഖ് ആയ മഹ്മൂദ് സഈദ് സൂഖ് പൊളിച്ചുനീക്കാന്‍ നീക്കമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. ആവശ്യമായ മുഴുവന്‍ ലൈസന്‍സുകളും നേടിയും നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ചും സൂഖ് വികസിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജിദ്ദ നഗരസഭാ വക്താവ് പറഞ്ഞു. ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും മറ്റു ഉല്‍പന്നങ്ങളും വില്‍പന നടത്തുന്ന, ദശകങ്ങള്‍ പഴക്കമുള്ള മഹ്മൂദ് സഈദ് സൂഖ് പൊളിച്ചുനീക്കാന്‍ നഗരസഭ തീരുമാനിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ചും വ്യവസ്ഥകള്‍ പാലിച്ചും, സൂഖില്‍ തകര ഷീറ്റുകള്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂരയുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പദവി ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി സൂഖില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തുന്ന അബൂസാലിം പറഞ്ഞു. സൂഖില്‍ മുറികള്‍ വാടക്കെടുത്ത പലരും വാടകയടക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സൂഖിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ഉപയോക്താക്കള്‍ അടക്കമുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് സിവില്‍ ഡിഫന്‍സ് അടക്കമുള്ള വകുപ്പുകള്‍ വ്യക്തമാക്കിയ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അബൂസാലിം പറഞ്ഞു.
നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മഹ്മൂദ് സഈദ് സൂഖിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തിലെ റെഡിമെയ്ഡ് വസ്ത്രക്കടയിലെ സെയില്‍സ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യഹ്‌യ പറഞ്ഞു. തങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ സുരക്ഷാ വ്യവസ്ഥകളും പൊതുവ്യവസ്ഥകളും പൂര്‍ണമാണ്. തങ്ങളുടെ വ്യാപാര കേന്ദ്രം ഒഴിയാനോ പൊളിച്ചുനീക്കാനോ ആവശ്യപ്പെട്ട് ഇതുവരെ നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ല. മഹ്മൂദ് സഈദ് സൂഖ് പ്രദേശത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടില്ല. സൂഖിലെ ചില ഭാഗങ്ങള്‍ മാത്രമാണ് അടച്ചുപൂട്ടി നിയമ ലംഘനങ്ങള്‍ അവസാനിപ്പിച്ചും സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചും വികസിപ്പിക്കുന്നതെന്നും മുഹമ്മദ് യഹ്‌യ പറഞ്ഞു.