ഷിമോഗ- കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി എട്ട് മീറ്റർ താഴ്ചയിലുണ്ടെന്ന് സൂചന. അത്യാധുനിക മെറ്റൽ ഡിറ്റക്ടറുമായി നടത്തുന്ന പരിശോധനയിൽ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നൽ ലഭിച്ചതായാണ് സൂചന.
ലോറി എട്ട് മീറ്റർ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയിൽ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നൽ ലഭിച്ചത്. നിലവിൽ രണ്ട് റഡാറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് പരിശോധന നടത്തുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണെങ്കിലും രക്ഷാ പ്രവർത്തനം ഊർജ്ജിതമാണ്.
അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചത്. ലഭിച്ച സിഗ്നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് ആഴത്തില്‍ കുഴിക്കുകയാണ്. ലഭിച്ച സിഗ്നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. ഷിരൂരില്‍ കനത്തമഴയും കാറ്റും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ അവഗണിച്ച് സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, തെരക് ലൊക്കേറ്റര്‍ 120 എന്ന ഉപകരണവും ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. 15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കള്‍ പോലും കണ്ടെത്താന്‍ ശേഷിയുള്ള റഡാറുകളാണ്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായി ഏഴാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്.
അതേസമയം, മലയാളി സന്നദ്ധ പ്രവർത്തകരോട് സ്ഥലത്തുനിന്ന് മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നു. സന്നദ്ധ പ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ മർദ്ദിച്ചതായും ആരോപണമുണ്ട്. പ്രദേശത്തുനിന്ന് തിരിച്ചുപോകില്ലെന്ന നിലപാടിലാണ് മലയാളി സന്നദ്ധ പ്രവർത്തകർ.