ദുബായ്: യു.എ.ഇ.തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയ ബംഗ്ലാദേശ് സ്വദേശികൾക്കെതിരെ നടപടി. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിൽ സിവിൽ സർവീസ് ജോലികൾക്കായുള്ള മുൻഗണനാ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തോടുള്ള ഐക്യദാർഢ്യമായി ബംഗ്ലാദേശിൽനിന്നുള്ള പ്രവാസികൾ യു.എ.ഇയിൽ പ്രതിഷേധം നടത്തിയത്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനും അടിയന്തര വിചാരണക്കും ഉത്തരവിട്ടു. പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
കൂടാതെ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുകയും വീഡിയോകൾ റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പൊതുയോഗം ചേരുക, അശാന്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിനെതിരെ പ്രതിഷേധിക്കുക, നിയമങ്ങൾ നടപ്പാക്കുന്നതിൽതടസ്സമുണ്ടാക്കുക, വ്യക്തികളെ ഭീഷണിപ്പെടുത്തുക, ഗതാഗതം തടയുക, പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുക തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കൗൺസിലർ ഡോ.ഹമദ് അൽ ഷംസി വ്യക്തമാക്കി.
എല്ലാ താമസക്കാരും രാജ്യത്തെ നിയമങ്ങൾ പാലിക്കണം. ഇത്തരം പ്രതിഷേധ ആഹ്വാനങ്ങൾ നടത്തുകയോ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് വഴങ്ങുകയോ ചെയ്യരുത്. കഠിനമായ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ് ഇതെന്നും അൽ ഷംസി പറഞ്ഞു.