മട്ടന്നൂർ- കെ എം സി സി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ഈ വർഷത്തെ ഇ അഹമ്മദ് സാഹിബ് മാനവസേവാ അവാർഡിനു ഡോ എം എ അമീർ അലിയെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗിന്റെ പാലിയേറ്റീവ് സംഘടനയായ പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ സംസ്ഥാന കൺവീനർ ആണ് അമീർ അലി. കേരളത്തിൽ ഉടനീളമുള്ള മുപ്പതോളം പൂക്കോയ തങ്ങൾ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് നടത്തിയ കാരുണ്യ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അമീറലിയെ ജൂറി അവാർഡിന് തിരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇ പി ശംസുദ്ദീൻ, ഗ്ലോബൽ കെ എം സി സി മട്ടന്നൂർ മണ്ഡലം ചെയര്മാൻ ഡോ ടി പി മുഹമ്മദ്,റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ലീയാഖത്തലി കരിയാടാൻ ,എം എൻ നാസർ എന്നിവർ ചേർന്ന ജൂറിയാണ് ഈ വർഷത്തെ അവാർഡ് നിർണ്ണയം നടത്തിയത്. രാപകലില്ലാതെ കിടപ്പു രോഗികളുടെ അടുത്തേക്ക് ഓടിയെത്തി സ്വാന്തന പരിചരണവുമായി ആശ്വാസം നൽകുന്ന അമീറലി ഡോക്ടറുടെ പരിചരണം മട്ടന്നൂർ മണ്ഡലത്തിലെ എല്ലാ കോണിലുമുള്ള കിടപ്പു രോഗികൾക്ക് ആശ്വാസമായിരുന്നു. സമൂഹത്തിന് അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാത്തതാണെന്ന് ജൂറി വിലയിരുത്തി. അടുത്ത മാസം(ഓഗസ്റ്റ്) ഒന്നിന് 4 മണിക്ക് മട്ടന്നൂർ സീൽ പബ്ലിക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അവാർഡ് അമീറലിക്ക് സമർപ്പിക്കും.
സമൂഹത്തിൽ കാരുണ്യ സ്വാന്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ഇ അഹമ്മദ് സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ മാനവസേവാ അവാർഡ് കഴിഞ്ഞ വർഷം മുതലാണ് റിയാദ് കെ എം സി സി ഏർപ്പെടുത്തിയത്. കാരുണ്യ രംഗത്തെ സേവനങ്ങൾക്ക് ബ്ലാത്തൂർ അബൂബക്കർ ഹാജി ആയിരുന്നു 2023-ലെ പ്രഥമ അവാർഡ് ജേതാവ്. മട്ടന്നൂരിൽ നടന്ന പത്ര സമ്മേളനത്തിൽ അൻസാരി തില്ലങ്കേരി ,ഇ പി ശംസുദ്ധീൻ,റിയാദ് കെ എം സി സി കോഡിനേറ്റർ ഹാഷിം നിർവേലി ,ലീയാകാത്തലി കരിയാടാൻ ,റസാക്ക് ഫൈസി മാലൂർ എന്നിവർ പങ്കെടുത്തു.