പാരീസ്- സമീപ കാലത്തെ ഏറ്റവും വലിയ ഐ.ടി സ്തംഭനത്തിൽനിന്ന് ലോകം പതിയെ കരകയറുന്നു. രണ്ടു ദിവസങ്ങളായി താറുമാറായ വിമാന സർവീസുകൾ ഏറെക്കുറെ സാധാരണ നില പ്രാപിച്ചു. ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാമിൻ്റെ അപ്‌ഡേറ്റ് തകരാറിലായതിനെത്തുടർന്നാണ് നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത്. ലോകത്തുടനീളം വിമാനതാവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചു.
വെള്ളിയാഴ്ച ആരംഭിക്കുന്ന ഒളിമ്പിക് ഗെയിംസിനായി ദശലക്ഷക്കണക്കിന് ആളുകളെ സ്വാഗതം ചെയ്യാൻ പാരിസ് തയ്യാറെടുക്കുകയാണ്. ശനിയാഴ്ചയോടെ, ജർമ്മനിയിലെയും ഫ്രാൻസിലെയും വിമാനത്താവളങ്ങളിൽ സ്ഥിതി സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു.
ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ചെക്ക്-ഇൻ സേവനങ്ങൾ പുനഃസ്ഥാപിച്ചു, ശനിയാഴ്ച ഉച്ചയോടെ ഇന്ത്യ, ഇന്തോനേഷ്യ, സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് എന്നിവിടങ്ങളിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായി ഏഷ്യയിലുടനീളമുള്ള ഒന്നിലധികം യുഎസ് എയർലൈനുകളും വിമാനത്താവളങ്ങളും അറിയിച്ചു.
“ഞങ്ങൾ ഇന്നലെ അനുഭവിച്ചതുപോലെ വിമാനത്താവളങ്ങളിൽ നീണ്ട വരികളില്ല,” തായ്‌ലൻഡ് പ്രസിഡൻ്റ് കീരത്തി കിറ്റ്മാനാവത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സൗദി അറേബ്യയിലും വിമാന സർവീസുകൾ സാധാരണ നിലയിലായി. റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഒഴിഞ്ഞു.
വ്യാഴാഴ്ച രാത്രി മുതലാണ് വിൻഡോസിൽ പ്രശ്നങ്ങളുണ്ടായതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിൻഡോസിലെ ക്രൗഡ്‌സ്ട്രൈക്ക് സെക്യൂരിറ്റി സോഫ്‌റ്റ്‌വെയറിലെ അപ്ഡേറ്റിൽ വന്ന പ്രശ്നമാണ് പ്രതിസന്ധിക്ക് കാരണമായത്. വ്യാഴാഴ്ച രാത്രിയാണ് ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് പുറത്തിറക്കിയത്. അത് സിസ്റ്റം ക്രാഷിനും കുപ്രസിദ്ധമായ “മരണത്തിൻ്റെ നീല സ്‌ക്രീൻ” വരാനും കാരണമായി.
പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായി ക്രൗഡ്‌സ്ട്രൈക്ക് മേധാവി ജോർജ്ജ് കുർട്‌സ് യുഎസ് വാർത്താ ചാനലായ സിഎൻബിസിയോട് പറഞ്ഞു, എല്ലാ സംഘടനകളോടും എല്ലാ ഗ്രൂപ്പുകളോടും എല്ലാ വ്യക്തികളോടും വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും പൂർണമായും സാധാരണ നിലയിലാകാൻ കുറച്ച് ദിവസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമസ്ഥാപനങ്ങളെയും പ്രതിസന്ധി ബാധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വാർത്താ പ്രക്ഷേപണം അവസാനിപ്പിച്ചതായി ബ്രിട്ടനിലെ സ്കൈ ന്യൂസ് പറഞ്ഞു, കൂടാതെ ഓസ്‌ട്രേലിയയിലെ എബിസിയും സമാനമായി വലിയ ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തു. സൈബർ ആക്രമണത്തെ സംബന്ധിച്ച് ഓസ്‌ട്രേലിയൻ, ബ്രിട്ടീഷ്, ജർമ്മൻ അധികാരികൾ മുന്നറിയിപ്പ് നൽകി.
“ഈ തകർച്ചയുടെ തോത് അഭൂതപൂർവമാണ്, അത് ചരിത്രത്തിൽ ഇടം നേടുമെന്നതിൽ സംശയമില്ല- ബ്രിട്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ജുനാഡെ അലി പറഞ്ഞു.