ജിദ്ദ – എയര്‍ ടാക്‌സിയായി ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനങ്ങള്‍ (ഇലക്ട്രിക് വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ്) ഭാവിയില്‍ സൗദിയില്‍ നിര്‍മിക്കുന്ന കാര്യം പഠിക്കുമെന്ന് ജര്‍മനിയിലെ ലിലിയം കമ്പനി സി.ഇ.ഒ ക്ലോസ് റോയ് പറഞ്ഞു. ഒരു സമ്പൂര്‍ണ ഫാക്ടറി സ്ഥാപിക്കുന്നതു വരെ സൗദിയില്‍ ചില ഘടകങ്ങളും സ്‌പെയര്‍ പാര്‍ട്‌സും നിര്‍മിക്കുക എന്ന ആശയം ഉള്‍പ്പെടെ പുതിയ വിമാന കരാറിനായി ഒരു സപ്പോര്‍ട്ട് സംവിധാനം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ക്ലോസ് റോയ് പറഞ്ഞു.
2022 ഒക്‌ടോബറില്‍ ഇരു കമ്പനികളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി ലിലിയം കമ്പനിയില്‍ നിന്ന് 50 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാനും 50 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയുമുള്ള കരാറില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. സൗദിയ ഗ്രൂപ്പിനു കീഴിലെ സൗദിയ പ്രൈവറ്റ് ഏവിയേഷന്‍ കമ്പനി സി.ഇ.ഒ ഡോ. ഫഹദ് അല്‍ജര്‍ബൂഉം ലിലിയം കമ്പനി സി.ഇ.ഒ ക്ലോസ് റോയ്‌യുമാണ് കരാറില്‍ ഒപ്പുവെച്ചത്. വിമാന ഡെലിവറിക്കുള്ള സമയക്രമവും, വിമാനങ്ങളുടെ പ്രകടനത്തെയും സമഗ്രമായ അറ്റകുറ്റപ്പണികളെയും സപ്പോര്‍ട്ട് സേവനങ്ങളെയും കുറിച്ച ഗ്യാരണ്ടിയും കരാറില്‍ ഉള്‍പ്പെടുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും സപ്പോര്‍ട്ട് സര്‍വീസുകളും ഉള്‍പ്പെടുന്ന ലിലിയം പവര്‍ ഓണ്‍ കരാറില്‍ ഒപ്പുവെക്കാനും ഇരു കമ്പനികളും ഉദ്ദേശിക്കുന്നുണ്ട്.
വിമാനങ്ങള്‍ക്ക് ഒന്നിന് 45 ലക്ഷം ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. ഓാപ്ഷനുകള്‍ അടക്കം മുഴുവന്‍ ഓര്‍ഡറിന്റെയും മൂല്യം 70 കോടി ഡോളറാണെന്ന് ലിലിയം സഹസ്ഥാപകന്‍ ഡാനിയല്‍ വീഗാന്‍ഡിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇലക്ട്രിക് വിമാനങ്ങള്‍ സൗദിയ യാത്രക്കാര്‍ക്ക് പുതിയ റൂട്ടുകള്‍ നല്‍കുമെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. ഒറ്റ ചാര്‍ജിംഗില്‍ 175 കിലോമീറ്റര്‍ വരെ ദൂരം താണ്ടുന്ന ഇലക്ട്രിക് വിമാനങ്ങളുടെ കൂടിയ വേഗം 250 കിലോമീറ്ററാണ്.
റോഡുകളിലെ തിരക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക് വിമാനങ്ങള്‍ മറ്റു യാത്രാ സംവിധാനങ്ങളെ അപേക്ഷിച്ച് യാത്രാ സമയം 90 ശതമാനം വരെ കുറക്കാന്‍ സഹായിക്കും. ടൂറിസം, ബിസിനസ്, ഹജ്, ഉംറ മേഖലകളിലെ ഉപയോക്താക്കള്‍ക്കെല്ലാം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വിമാനങ്ങള്‍ സേവനങ്ങള്‍ നല്‍കും. കരാര്‍ പ്രകാരം 2026 മുതല്‍ പടിപടിയായി സൗദിയക്ക് ഇലക്ട്രിക് വിമാനങ്ങള്‍ ലഭിക്കുമെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
അതിനിടെ, സൗദിയക്കു വേണ്ടി ജര്‍മനിയിലെ മ്യൂണിക്കില്‍ ലിലിയം കമ്പനി ഫാക്ടറിയില്‍ നിര്‍മിച്ച ആദ്യ എയര്‍ ടാക്‌സിയുടെ ദൃശ്യങ്ങള്‍ സൗദി പൈലറ്റ് റാകാന്‍ അല്‍ഉബൈദ് പുറത്തുവിട്ടു. എയര്‍ ടാക്‌സിയുടെ പുറംഭാഗത്തിന്റെയും ഉള്‍വശത്തിന്റെയും രൂപകല്‍പനകള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് റാകാന്‍ അല്‍ഉബൈദ് പുറത്തുവിട്ടത്. ഇലക്ട്രിക് ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്തില്‍ 13 എന്‍ജിനുകളാണുള്ളത്. ഇവയില്‍ നാലു മുതല്‍ ആറു വരെ പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. സൗദിയ ഇത്തരത്തില്‍ പെട്ട 100 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സൗദിയിലെ അഞ്ചു പ്രധാന നഗരങ്ങളിലാണ് ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയര്‍ ടാക്‌സി സേവനം സൗദിയ നല്‍കുകയെന്നും റാകാന്‍ അല്‍ഉബൈദ് പറഞ്ഞു.