ജിദ്ദ – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം നിയമ വിരുദ്ധമാണെന്ന അന്താരാഷ്ട്ര കോടതി വിധിയെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായിലിന്റെ നയങ്ങളെയും ചെയ്തികളെയും കുറിച്ച അന്താരാഷ്ട്ര കോടതി പ്രഖ്യാപിച്ച ഉപദേശക അഭിപ്രായത്തെയും 57 വര്‍ഷമായി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ തുടരുന്ന ഇസ്രായില്‍ സാന്നിധ്യത്തിന്റെ നിയമ വിരുദ്ധതയെ കുറിച്ച സ്ഥിരീകരണത്തെയും സ്വാഗതം ചെയ്യുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും സ്വയം നിര്‍ണയത്തിനുമുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പുവരുത്തുന്ന നിലക്ക് അറബ് സമാധാന പദ്ധതിക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താന്‍ പ്രായോഗികവും വിശ്വസനീയവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായില്‍ അധിനിവേശവും ഫലസ്തീന്‍ പ്രദേശങ്ങളിലെ ജൂതകുടിയേറ്റ കോളനികളും നിയമ വിരുദ്ധമാണെന്നും ഫലസ്തീനിലെ ഇസ്രായില്‍ സാന്നിധ്യം എത്രയും വേഗം അവസാനിപ്പിക്കണമെന്നുമാണ് അന്താരാഷ്ട്ര കോടതി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായില്‍ അധിനിവേശം നിയമവിരുദ്ധമായി പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പുളപ്പെടുവിച്ച ചരിത്രപരമായ തീരുമാനത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ചരിത്രപരമായ തീരുമാനമാണ്. അന്താരാഷ്ട്ര കോടതി തീരുമാനം നടപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം നിയമ വിരുദ്ധമാണെന്ന് അന്താരാഷ്ട്ര കോടതി വിലയിരുത്തിയ പശ്ചാത്തലത്തില്‍ ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ പരമോന്നത നീതിന്യായ സംവിധാനം പുറപ്പെടുവിച്ച നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. അധിനിവേശം അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിക്ക് ഇത് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. ഈ തീരുമാനങ്ങള്‍ അന്താരാഷ്ട്ര സമൂഹം ആയുധമാക്കി അമേരിക്കന്‍ ഇച്ഛയെ മറികടക്കണമെന്നും അവ നടപ്പാക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 15 അംഗ പാനല്‍ പുറപ്പെടുവിച്ച തീരുമാനത്തെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. ഫലസ്തീന്‍ പ്രദേശങ്ങള്‍ യഹൂദ ജനതയുടെ ചരിത്രപരമായ മാതൃരാജ്യത്തിന്റെ ഭാഗമാണെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര കോടതി തീരുമാനം അന്താരാഷ്ട്ര അഭിപ്രായത്തെയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നീക്കങ്ങളെയും സ്വാധീനിച്ചേക്കും.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായില്‍ കുടിയേറ്റ കോളനികളുടെ നിര്‍മാണവും വിപുലീകരണവും, പ്രദേശത്തെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍, ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കു മേലുള്ള സ്ഥിരമായ നിയന്ത്രണങ്ങള്‍, ഫലസ്തീനികള്‍ക്കെതിരായ വിവേചനപരമായ നയങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇസ്രായിലിന്റെ നയങ്ങളുടെ വിശാലമായ പട്ടിക ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഇവയെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ പരമാധികാരത്തിന് ഇസ്രായിലിന് അവകാശമില്ല. ബലപ്രയോഗത്തിലൂടെ ഫലസ്തീന്‍ പ്രദേശം ഏറ്റെടുക്കുന്നതിലൂടെ ഇസ്രായില്‍ അന്താരാഷ്ട്ര നിയമ ലംഘിക്കുകയാണെന്നും ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെ തടസ്സപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായിലിന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കാതിരിക്കാന്‍ മറ്റു രാജ്യങ്ങള്‍ ബാധ്യസ്ഥമാണ്.
കോടതി പ്രസിഡന്റ് നവാഫ് സലാം വായിച്ച 80 ലധികം പേജ് വരുന്ന തീരുമാനത്തിന്റെ സംഗ്രഹം അനുസരിച്ച്, ഫലസ്തീനിലെ ജൂതകുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ ഉടന്‍ അവസാനിപ്പിക്കുകയും നിലവിലുള്ള കുടിയേറ്റ കോളനികള്‍ നീക്കം ചെയ്യുകയും വേണം. അധിനിവേശ ശക്തിയെന്ന നിലയില്‍ ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായിലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണ്. ഫലസ്തീനിലെ ഇസ്രായില്‍ സാന്നിധ്യം കഴിയുന്നത്ര വേഗത്തില്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.