ജിദ്ദ – മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റത്തിലുണ്ടായ ആഗോള തകരാര്‍ സൗദിയില്‍ തങ്ങളുടെ സാങ്കേതിക സിസ്റ്റങ്ങളെയോ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന ഗവണ്‍മെന്റ് സിസ്റ്റങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വ്യക്തമാക്കി.
സാങ്കേതിക തകരാര്‍ പ്രത്യക്ഷപ്പെട്ടതിന്റെ ആദ്യ നിമിഷം മുതല്‍, അതോറിറ്റി അതിന്റെ ദേശീയ സാങ്കേതിക ടീമുകളിലൂടെ, അതിന്റെ ആന്തരിക സിസ്റ്റംങ്ങളുടെയും ഹോസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ സിസ്റ്റങ്ങളുടെയും പ്രവര്‍ത്തനം ഉറപ്പാക്കിയതായി അതോറിറ്റി വക്താവ് എന്‍ജിനീയര്‍ മാജിദ് അല്‍ശഹ്‌രി പറഞ്ഞു. ഈ സിസ്റ്റങ്ങള്‍ക്ക് ഒരു തകരാറും നേരിട്ടിട്ടില്ല.
കംപ്യൂട്ടര്‍ ടെക്‌നോളജി, പ്രോഗ്രാമിംഗ് എന്നീ മേഖലകളില്‍ വിദഗ്ധരായ സൗദി സാങ്കേതികവിദഗ്ധരാണ് സാങ്കേതിക നിര്‍മാണത്തിന്റെ ഉയര്‍ന്ന തലത്തില്‍ അതോറിറ്റി സിസ്റ്റങ്ങള്‍ നിര്‍മിച്ചത്. ഇത് ഇന്ന് സംഭവിച്ചതു പോലെ ഏതെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചാല്‍ ഒരു സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം മാറുന്നത് ഇത് ഉറപ്പാക്കുന്നു. അതോറിറ്റി സാങ്കേതിക സംഘങ്ങള്‍ കഴിവുറ്റ സ്വദേശി ജീവനക്കാരാണ്. ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സുരക്ഷിതമാക്കാനും തടസ്സങ്ങളില്ലാതെ അവയുടെ തുടര്‍ച്ച ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഇവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും എന്‍ജിനീയര്‍ മാജിദ് അല്‍ശഹ്‌രി പറഞ്ഞു.