ജിദ്ദ – സൗദിയിലെ പ്രധാന വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് എയര്‍ ടാക്‌സി സേവനം നല്‍കാനും സ്മാര്‍ട്ട് ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ബദലുകള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ ജര്‍മന്‍ കമ്പനിയായ ലിലിയവുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചതെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും സൗദിയ ഗ്രൂപ്പ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വ്യക്തമാക്കി.
ഇ-വിറ്റോള്‍ (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഇലക്ട്രിക് വിമാനങ്ങള്‍ക്ക് ലോകത്ത് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആണിത്. ബിസിനസ് മേഖല, എക്‌സിബിഷനുകള്‍, ടൂറിസം ഗതാഗതം, തീര്‍ഥാടകരെ സേവിക്കല്‍ എന്നീ മേഖലകളില്‍ ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും ദേശീയ വ്യോമയാന തന്ത്രത്തിന്റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സൗദിയില്‍ വ്യോമഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി പറഞ്ഞു.
ആദ്യത്തെ പൂര്‍ണ വൈദ്യുത ഇ-വിറ്റോള്‍ വിമാനങ്ങള്‍ വികസിപ്പിച്ച ജര്‍മന്‍ കമ്പനിയായ ലിലിയവുമായി 50 ലിലിയം ജെറ്റുകള്‍ വാങ്ങാനും 50 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ഓപ്ഷനും അടങ്ങിയ കരാര്‍ ആണ് സൗദിയ ഒപ്പുവെച്ചത്. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇലക്ട്രിക് വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ പുതിയ റൂട്ടുകള്‍ നല്‍കും. ഒറ്റ ചാര്‍ജിംഗില്‍ 175 കിലോമീറ്റര്‍ വരെ ദൂരം താണ്ടാന്‍ ഇ-വിറ്റോള്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഇവയുടെ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയാണ്. മറ്റു യാത്രാ ഓപ്ഷനുകളെ അപേക്ഷിച്ച് യാത്രാ സമയം 90 ശതമാനം വരെ കുറക്കാന്‍ ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ സഹായിക്കും.
ഓര്‍ഡര്‍ പ്രകാരമുള്ള ആദ്യ ഇ-വിറ്റോള്‍ വിമാനം 2026 ല്‍ സൗദിയക്ക് ലഭിക്കും. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ക്കനുസൃതമായി ഇലക്ട്രിക് വിമാനങ്ങളുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെടും. ആറു സീറ്റുകളുള്ള ഇ-വിറ്റോള്‍ വിമാനങ്ങള്‍ വാങ്ങാന്‍ ലിലിയം കമ്പനിയുമായി സൗദിയ 2022 ഒക്‌ടോബറില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്തിമ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്, ഉംറ തീര്‍ഥാടകരെ മക്കയിലും തിരിച്ചും എത്തിക്കാനും സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലും വ്യത്യസ്ത പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും സന്ദര്‍ശകരെ എത്തിക്കാനും ബിസിനസ് മേഖലക്ക് സേവനം നല്‍കാനും പ്രധാന വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇ-വിറ്റോള്‍ വിമാനങ്ങള്‍ ഉപയോഗിച്ച് എയര്‍ ടാക്‌സി സേവനം ആരംഭിക്കാനാണ് സൗദിയ ലക്ഷ്യമിടുന്നത്. എയര്‍ബസ് 321-എ നിയോ, 320-എ നിയോ ഇനങ്ങളില്‍ പെട്ട 105 വിമാനങ്ങള്‍ വാങ്ങാന്‍ ഇക്കഴിഞ്ഞ മേയില്‍ സൗദിയയും എയര്‍ബസ് കമ്പനിയും കരാര്‍ ഒപ്പുവെച്ചിരുന്നു.