സെഹര്‍ദന്‍ ഷാഖിരി-സ്വിറ്റ്‌സര്‍ലന്റ് എന്ന ടീമിന് പുതിയ മുഖം നല്‍കിയ വ്യക്തിത്വമാണ്. സ്വിസ് ടീമില്‍ ഷാഖിരിയുടെ ഡ്രിബ്ലിംഗും കൃത്യതയും ഷൂട്ടിങ് സ്റ്റൈലും ഇനി ആരാധകര്‍ക്ക് മിസ്സ് ചെയ്യും. യൂറോ കപ്പിലെ ടീമിന്റെ പുറത്താവലിന് ശേഷം കഴിഞ്ഞ ദിവസമാണ് ഷാഖിരി അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനോട് വിട പറഞ്ഞത്. 32ാം വയസ്സിലാണ് താരത്തിന്റെ വിടപറയല്‍. മികച്ച ഫോമിലായിരുന്ന താരത്തിന് ഇത്തവണ യൂറോയില്‍ വേണ്ടപോലെ തിളങ്ങാന്‍ ആയിരുന്നില്ല.
ഷാഖിരി എന്ന താരത്തിനെ സ്വിസ് ആരാധകര്‍ മാത്രമല്ല. ഷാഖിരിയുടെ പെര്‍ഫോമന്‍സിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഇത്തവണ യൂറോയില്‍ ഇംഗ്ലണ്ടിനോട് ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ പുറത്തായാണ് സ്വിസ് പട യൂറോയോട് ബൈ പറഞ്ഞത്. ഈ യൂറോയിലെ കറുത്ത കുതിരകളായിട്ടാണ് സ്വിസ് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ലീഡെടുത്തിട്ടും ഷൂട്ടൗട്ടില്‍ പുറത്താവാനായിരുന്നു യോഗം. ഈ യൂറോയില്‍ രണ്ട് തവണയേ ടീമിനായി ഇറങ്ങാന്‍ താരത്തിന് കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്റിനായി താരം സ്‌കോര്‍ ചെയ്തിരുന്നു.
2010ലാണ് ഷാഖിരി സ്വിറ്റ്‌സര്‍ലന്റിനായി അരങ്ങേറ്റം കുറിച്ചത്. ഉറുഗ്വെയ്‌ക്കെതിരായ സന്നാഹ മല്‍സരത്തിലാണ് ആദ്യ കളിച്ചത്. തോല്‍വിയോടെ ആയിരുന്ന കരിയര്‍ തുടക്കം. 125 മല്‍സരങ്ങളില്‍ നിന്നായി സ്വിറ്റ്‌സര്‍ലന്റിനായി 32 ഗോളുകള്‍ ഷാഖിരി നേടിയിട്ടുണ്ട്. 34 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. നിലവില്‍ ലോസ് ആഞ്ചലസ് എഫ്‌സിക്കായാണ് താരം കളിക്കുന്നത്. സ്വിസ് ടീം എന്ന കേള്‍ക്കുമ്പോള്‍ ഷാഖിരിയുടെ മിഡ്ഫീല്‍ഡിങ് പ്രകടനങ്ങള്‍ക്കാണ് ആരാധകര്‍ കണ്ണും നട്ടിരിക്കുക. ദേശീയ ടീമിനായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ്. ഗോള്‍സ്‌കോറര്‍മാരില്‍ രാജ്യത്ത് നാലാം സ്ഥാനവും. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഒരു അന്താരാഷ്ട്ര കിരീടം രാജ്യത്തിന് നേടികൊടുക്കാന്‍ കഴിഞ്ഞില്ല എന്ന വേദനയാണ് മുന്‍ ലിവര്‍പൂള്‍ താരത്തിനുള്ളത്.
2014ല്‍ ഹോണ്ടുറാസിനെതിരേയും 2018ല്‍ ബള്‍ഗേറിയക്കെതിരേയും താരം ഹാട്രിക്ക് നേടിയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. മൂന്ന് ലോകകപ്പിലും മൂന്ന് യൂറോപ്യന്‍ചാംപ്യന്‍ഷിപ്പിലും ഗോള്‍ സ്‌കോര്‍ ചെയ്ത റെക്കോഡും ഷാഖിരിക്ക് സ്വന്തമാണ്. 2011, 2012ലും സ്വിസ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 2010, 2014, 2018,2022 ലോകകപ്പില്‍ കളിച്ച ഷാഖിരി 2016, 2021, 2024 യൂറോകപ്പിലും മാറ്റുരച്ചു.ഷാഖിരിയുടെ മിഡ്ഫീല്‍ഡിങ് പൊസിഷനിലെ ചടുലതാളങ്ങള്‍ ആരാധകര്‍ക്ക് മിസ്സ് ചെയ്യുമെന്നുറപ്പ്