ജിദ്ദ – സൗദിയില്‍ ആയിരക്കണക്കിന് പൈലറ്റില്ലാ പാസഞ്ചര്‍ ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിക്കുമെന്ന് ഓസ്‌ട്രേലിയന്‍ കമ്പനിയ ഫ്‌ളൈ നൗ അറിയിച്ചു. 2030 ല്‍ റിയാദില്‍ വേള്‍ഡ് എക്‌സ്‌പോ ആരംഭിക്കുന്നതിനു മുമ്പായി പാസഞ്ചര്‍ ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഓഫീസും അസംബ്ലി സൗകര്യങ്ങളും സ്ഥാപിക്കാനാണ് കമ്പനിക്ക് പദ്ധതിയുള്ളത്. ഒന്നോ രണ്ടോ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഫ്‌ളൈ നൗ ഇ-കോപ്റ്ററുകളാണ് ഓസ്‌ട്രേലിയന്‍ കമ്പനി സൗദിയില്‍ നിര്‍മിക്കുക. രണ്ട് എതിര്‍ പ്രൊപ്പല്ലര്‍ സംവിധാനത്തെയാണ് ഫ്‌ളൈ നൗ ഇ-കോപ്റ്ററുകള്‍ ആശ്രയിക്കുന്നത്.
ഇത് പിന്‍വശത്ത് പ്രൊപ്പല്ലറിന്റെ ആവശ്യകത ഇല്ലാതാക്കുകയും പ്രവര്‍ത്തനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്ന ഈ വിമാനങ്ങള്‍ ഇലക്ട്രിക് ഹെലികോപ്റ്ററുകളായിരിക്കും.
സിംഗിള്‍ സീറ്റ്, ഡബിള്‍ സീറ്റ് എന്നിങ്ങിനെ രണ്ടിനം വിമാനങ്ങളാണുണ്ടാവുക. ഒറ്റത്തവണ ചാര്‍ജിംഗില്‍ 50 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയിലാണ് ഇവ സഞ്ചരിക്കുക. എന്നാല്‍ റിയാദ് വേള്‍ഡ് എക്‌സ്‌പോ പരിസരപ്രദേശത്ത് ഈ വേഗതയില്‍ ഇലക്ട്രിക് വിമാനത്തെ പറക്കാന്‍ അനുവദിക്കാന്‍ സാധ്യതയില്ല. ടേക്ക് ഓഫിന്റെ സമയത്ത് വിമാനത്തിന്റെ ഭാരം 210 കിലോ ആയിരിക്കും. 200 കിലോ വരെ ഭാരമുള്ള യാത്രക്കാരെ വഹിക്കാന്‍ വിമാനത്തിന് ശേഷിയുണ്ടാകും. 150 മീറ്റര്‍ ഉയരത്തില്‍ വിമാനത്തിന്റെ പ്രൊപ്പല്ലറുകള്‍ സൃഷ്ടിക്കുന്ന ശബ്ദത്തിന്റെ തോത് 55 ഡെസിബെല്ലില്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശാന്തമായ സംഭാഷണത്തിന്റെ ശബ്ദ തോതിനെക്കാള്‍ കുറവാണ്.
സൗദിയില്‍ ഇക്കഴിഞ്ഞ ഹജ് സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് തീര്‍ഥാടകരെ മക്കയിലും തിരിച്ചും എത്തിക്കാന്‍ എയര്‍ ടാക്‌സി എന്നോണം ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ട്. ഈ ലക്ഷ്യത്തോടെ 100 ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. വിജയകരമാണെന്ന് തെളിഞ്ഞാല്‍ എയര്‍ ടാക്‌സി പദ്ധതി സൗദിയിലെങ്ങും വ്യാപിപ്പിക്കും.