ബംഗളൂരു- സ്വകാര്യമേഖലയിൽ കർണാടക സ്വദേശികൾക്ക് ജോലി സംവരണം ഏർപ്പെടുത്താനുള്ള വിവാദ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ച് കർണാടക സർക്കാർ. ബിൽ പുനഃപരിശോധിക്കുമെന്നും ഭാവി നടപടികൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും വ്യവസായങ്ങളിലും സംരംഭങ്ങളിലും കന്നഡിഗർക്ക് സംവരണം നൽകുന്നതിനുള്ള മന്ത്രിസഭാ യോഗം അംഗീകരിച്ച ബിൽ താൽക്കാലികമായി നിർത്തിവെച്ചുവെന്ന് മുഖ്യമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് തൊഴിൽ സംവരണ ബിൽ മാറ്റിവെച്ചത്. വ്യവസായമേഖലയിൽ വൻ തിരിച്ചടിക്ക് കാരണമാകുന്ന ബില്ലാണിതെന്നാണ് വിലയിരുത്തൽ. വ്യവസായങ്ങളിലും ഫാക്ടറികളിലും മറ്റ് സ്ഥാപനങ്ങളിലും പ്രാദേശിക ഉദ്യോഗാർത്ഥികളിൽനിന്ന് 50 ശതമാനത്തെ മാനേജ്‌മെൻ്റ് വിഭാഗങ്ങളിലും 70 ശതമാനം നോൺ മാനേജ്‌മെൻ്റ് വിഭാഗങ്ങളിലും നിയമിക്കണം എന്നായിരുന്നു ബിൽ. ഉദ്യോഗാർത്ഥികൾക്ക് കന്നഡ ഒരു ഭാഷയായി ഉള്ള സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിൽ, അവർ കന്നഡ പ്രാവീണ്യ പരീക്ഷയിൽ വിജയിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു.
ഇത്തരമൊരു ബിൽ അംഗീകരിച്ചാൽ ബംഗളൂരുവിന് നൈപുണ്യമുള്ള പ്രതിഭകളെ നഷ്ടമാകുമെന്ന് വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകി. ഓരോ കമ്പനിയിലും ലോക്കൽ റിസർവേഷനും സർക്കാർ ഓഫീസറെയും നിയമിക്കുന്നത് വിദേശ കമ്പനികളെ ഭയപ്പെടുത്തുമെന്നും സർക്കാറിന് ദീർഘദൃഷ്ടിയില്ലെന്നും അസോചം കോ-ചെയർമാൻ ആർകെ മിശ്ര പറഞ്ഞു.
സ്വകാര്യ മേഖലയിലെ ജോലികളിൽ സംസ്ഥാനത്തെ താമസക്കാർക്ക് 75 ശതമാനം സംവരണം നിർബന്ധമാക്കി ഹരിയാന സർക്കാർ കൊണ്ടുവന്ന ബില്ലിന് സമാനമാണ് കർണാടകയുടെ നീക്കം. ഈ ബില്ലുകൾ 2023 നവംബർ 17-ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കർണാടക തൊഴിൽ ക്വാട്ട: എന്താണ് വിവാദ ബിൽ?
സ്വകാര്യവ്യവസായങ്ങളിൽ കന്നഡിഗർക്ക് അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 50 ശതമാനവും ഭരണേതര തസ്തികകളിൽ 75 ശതമാനവും സംവരണം ഏർപ്പെടുത്തുന്ന ബില്ലാണിത്. കന്നഡിഗർക്ക് സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. “ഞങ്ങൾ കന്നഡ അനുകൂല സർക്കാരാണ്, കന്നഡക്കാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന,” സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിലേക്ക് വലയെറിഞ്ഞ് ആന്ധ്രയും കേരളവും
സംവരണം ഏർപ്പെടുത്തിയാൽ കർണാടകയിൽ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്ന് വ്യവസായങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെ, വ്യവസായ പ്രമുഖരെ വശീകരിക്കാനുള്ള അവസരം ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് പാഴാക്കിയില്ല.
“നിങ്ങളുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുന്നു. വിസാഗിലെ ഞങ്ങളുടെ ഐടി, ഐടി സേവനങ്ങൾ,
എ.ഐ, ഡാറ്റാ സെൻ്റർ ക്ലസ്റ്ററുകളിലേക്ക് നിങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ നിങ്ങൾക്ക് മികച്ച ഇൻ-ക്ലാസ് സൗകര്യങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ, ഏറ്റവും അനുയോജ്യമായ വൈദഗ്ധ്യം എന്നിവ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഐടി എൻ്റർപ്രൈസിനുള്ള പ്രതിഭകൾ സർക്കാരിൽ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ നിങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണ് എന്നായിരുന്നു നാരാ ലോകേഷ് പോസ്റ്റ് ചെയ്തത്. സമാനമായ പോസ്റ്റ് കേരള വ്യവസായ മന്ത്രി പി. രാജീവും പങ്കുവെച്ചു.