കയ്റോ – ഈജിപ്തിലെ അലക്‌സാണ്ട്രിയ കോടതി സമുച്ചയത്തില്‍ വനിതാ അഭിഭാഷകയെ സഹപ്രവര്‍ത്തകരായ മൂന്നു വനിതാ അഭിഭാഷകര്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ചു. കോടതി സമുച്ചയത്തിലെ ടോയ്‌ലെറ്റിലേക്ക് അനുനയത്തില്‍ വിളിച്ചുവരുത്തിയാണ് തന്നെ സഹപ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് അഭിഭാഷക അമീറ താരിഖ് പറഞ്ഞു. കട്ടര്‍ ഉപയോഗിച്ചാണ് സംഘം അഭിഭാഷകയെ ആക്രമിച്ചത്. ആക്രമണത്തില്‍ അമീറ താരിഖിന്റെ ഇടതു കൈയില്‍ മാരകമായ പരിക്കേറ്റു.
സഹപ്രവര്‍ത്തകരായ വനിതാ അഭിഭാഷകര്‍ ഒന്നര വര്‍ഷമായി സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അമീറ താരിഖ് പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ താന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് തന്നോട് ഈ രീതിയില്‍ പ്രതികാരം ചെയ്യാന്‍ മറ്റു അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
അക്രമികളില്‍ പെട്ട ഒരു അഭിഭാഷക തന്റെ അടുത്ത സുഹൃത്തായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഈ അഭിഭാഷക തന്നെ കോടതി സമുച്ചയത്തില്‍ വനിതകളുടെ ടോയ്‌ലെറ്റിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നു. ടോയ്‌ലെറ്റിലെത്തിയപ്പോഴാണ് തന്നോട് ശത്രുത വെച്ചുപുലര്‍ത്തുന്ന മറ്റു രണ്ടു അഭിഭാഷകരെ അവിടെ അപ്രതീക്ഷിതമായി കണ്ടത്. താന്‍ ടോയ്‌ലെറ്റില്‍ പ്രവേശിച്ചയുടന്‍ സംഘം ടോയ്‌ലെറ്റ് കെട്ടിടത്തിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടി തന്നെ ആക്രമിക്കുകയും കട്ടര്‍ ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഉച്ചത്തില്‍ നിലവിളിച്ച് സഹായം തേടിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ശബ്ദം പുറത്തുപോകാത്തതിനാല്‍ ആരും സഹായത്തിനെത്തിയില്ല.
ആക്രമണത്തില്‍ ഇടതു കൈയിലെ മൂന്നു ചലനഞരമ്പുകള്‍ മുറിഞ്ഞു. കൈ പാടെ അറ്റുമുറിയേണ്ടതായിരുന്നു. മാരകമായ പരിക്കു മൂലം കൈക്ക് ഭാഗിക വൈകല്യം നേരിട്ടു. കൈക്ക് നടത്തിയ ശസ്ത്രക്രിയയുടെ ചെലവ് അഭിഭാഷക യൂനിയനാണ് വഹിച്ചതെന്നും അമീറ താരിഖ് പറഞ്ഞു.