കൊച്ചി: എം.ടി വാസുദേവൻ നായരുടെ രചനയിൽ പുറത്തിറങ്ങുന്ന മനോരഥങ്ങൾ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിംഗിനിടെ അപമാനിതനായ സംഭവത്തിൽ പ്രതികരണവുമായി നടൻ ആസിഫലി. രമേശ് നാരായണൻ അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകുമെന്നും തനിക്കുള്ള പിന്തുണ ഹേറ്റ് ക്യാംപയ്ൻ ആകരുതെന്നും ആസിഫലി പറഞ്ഞു. എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്.
അതെന്റെയൊരു അപേക്ഷയാണ്.
രമേശ് നാരായണൻ സാർ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തോട് തനിക്ക് ഒരു തരത്തിലുള്ള വിരോധവുമില്ലെന്നും ആസിഫലി പറഞ്ഞു. ആ നിമിഷത്തിൽ അദ്ദേഹത്തിന് സംഭവിച്ച എന്തോ ഒരു വിഷമം ആയിരിക്കാം രമേശ് നാരായണൻ സാറിനുണ്ടായിരുന്നത്.
അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നൽകുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി.
ഐ ലവ് യു ഗയ്സ്. നിങ്ങളിൽ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതായിലുന്നു ആസിഫ് അലി. നടി അമലാ പോളും സംവിധായകൻ അർഫാസും ഒപ്പമുണ്ടായിരുന്നു.