ജിദ്ദ – സൗദിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി സി.ഇ.ഒ ബോബ് വില്‍റ്റ് വെളിപ്പെടുത്തി. ഒരു കോടി ഔണ്‍സ് മുതല്‍ രണ്ടു കോടി ഔണ്‍സ് വരെ സ്വര്‍ണം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. സ്വര്‍ണ ഉല്‍പാദന മേഖലയില്‍ വലിയ അവസരമുണ്ട്. ഇക്കാര്യത്തില്‍ മആദിന്‍ കമ്പനിക്ക് വലിയ പ്രവര്‍ത്തന അടിത്തറയുണ്ട്.
ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതി ഇപ്പോള്‍ കമ്പനി ആരംഭിക്കുകയാണ്. ഇക്കാര്യത്തില്‍ ഇതിനകം തന്നെ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്വര്‍ണ ശേഖരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തവും ചലനാത്മകവുമായ ഖനന മേഖലയില്‍ പ്രകൃതി വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള കഴിവില്‍ മആദിന്‍ കമ്പനി ആവേശഭരിതമാണ്. ഈ പദ്ധതികള്‍ 50,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.
സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ സ്തംഭമായി ധാതുവിഭവ, ഖനന മേഖലയെ പരിവര്‍ത്തിപ്പിക്കാനാണ് മആദിന്‍ കമ്പനി ആഗ്രഹിക്കുന്നത്. രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. രാജ്യത്തിന്റെ താഴേതട്ടിലുള്ള വികസന പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതിന് ഒരു സംയോജിത പര്യവേക്ഷണ പദ്ധതിയുടെ ആവശ്യകത ഏഴു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സൗദിയില്‍ ഫോസ്‌ഫേറ്റ് അടക്കം രണ്ടു ട്രില്യണ്‍ ഡോളറിന്റെ ധാതുവിഭവ ശേഖരങ്ങളുണ്ടെന്നാണ് നിലവില്‍ കണക്കാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് രാസവള, ബോക്‌സൈറ്റ് നിര്‍മാണ, കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ബോക്‌സൈറ്റ് ആണ് അലൂമിനിയമാക്കി മാറ്റുന്നത്. ബോക്‌സൈറ്റിന് ഒരു സമ്പൂര്‍ണ മൂല്യശൃംഖലയുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ടിന്നുകള്‍ നിര്‍മിക്കുന്നവര്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും ഇതിലൂടെ തങ്ങള്‍ സേവനം ചെയ്യുന്നു.
ഖനന നിയമം പുനഃപരിശോധിച്ച് നിയമാവലികളും നിയന്ത്രണങ്ങളും സൗദി അറേബ്യ ലഘൂകരിച്ചിട്ടുണ്ട്. ഇത് രാജ്യത്തേക്ക് പങ്കാളികളെ കൊണ്ടുവരുന്നു. മആദിന്‍ കമ്പനിയെ സഹായിക്കാന്‍ മറ്റു ഖനന കമ്പനികളെ സര്‍ക്കാര്‍ കൊണ്ടുവരുന്നു. സൗദിയില്‍ 180 ദിവസത്തിനുള്ളില്‍ ഖനന ലൈസന്‍സുകള്‍ ലഭിക്കുന്നതില്‍ പുതിയ കമ്പനികള്‍ ആശ്ചര്യപ്പെടുന്നു.
2002 ല്‍ മആദിന്‍ കമ്പനി ഫോസ്‌ഫേറ്റ് പദ്ധതി ആരംഭിച്ചപ്പോള്‍ ഫോസ്‌ഫേറ്റ് വളങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട അമേരിക്കന്‍ കമ്പനിയായ മൊസൈക്കുമായി മആദിന്‍ കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ആഗോള തലത്തില്‍ പ്രശസ്തമായ, സാങ്കേതിക ശേഷികളുള്ള, ആളുകളെ കേന്ദ്രീകരിച്ചുള്ള സൗദി കമ്പനി എന്നതാണ് മആദിന്‍ കമ്പനിയുടെ കാഴ്ചപ്പാട്. ആഗോള എക്‌സ്‌പോഷര്‍, സാങ്കേതികവിദ്യ, ഭാവിയുടെ ഭാഗമാകല്‍ എന്നിവയില്‍ താല്‍പര്യമുള്ള യുവാക്കള്‍ക്ക് മആദിന്‍ കമ്പനിയില്‍ തൊഴിലവസരങ്ങളുണ്ട്. കമ്പനിയുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അടുത്ത ദശകത്തില്‍ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കേണ്ടി വന്നേക്കാം. ഇതോടൊപ്പം യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നിരവധി പരിശീലന പ്രോഗ്രാമുകളും നടപ്പാക്കുമെന്ന് ബോബ് വില്‍റ്റ് പറഞ്ഞു.