കൊച്ചി- എം.ടിയുടെ മനോരഥങ്ങൾ ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ മെമന്റോ നൽകിയ ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേഷ് നാരായണൻ. കാര്യങ്ങൾ മനസിലാക്കാതെയാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതെന്നും സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും രമേശ് നാരായണൻ പറഞ്ഞു.
എംടിയുമായി 1996 മുതൽ പരിചയമുണ്ടെന്നും എം.ടിയുടെ മകൾ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്കു പോയതെന്നും രമേശ് നാരായണൻ പറഞ്ഞു. ട്രെയിലർ ലോഞ്ചിനുശേഷം ആന്തളോജി സിനിമയുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്കു ക്ഷണിച്ച് മൊമന്റോ നൽകിയപ്പോഴൊന്നും എന്നെ വിളിച്ചില്ല . അതിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു. കാരണം ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. അദ്ദേഹം പോലും എന്നെ വേദിയിലേക്കു ക്ഷണിച്ചില്ലല്ലോയെന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാൽ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയുമായിരുന്നു.
അതിനു പിന്നാലെ അശ്വതി ക്ഷമപറയുകയും വേഗത്തിൽ മെമന്റോ എനിക്ക് തരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ സമയം സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. അതിനുപിന്നാലെ ആസിഫ് വന്ന് മെമന്റോ എന്നെ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മെമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാകുന്നതിനു മുൻപേ, മെമന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്.
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമ ചോദിച്ച് ജയരാജ് ഇന്നു രാവിലെ സന്ദേശമയച്ചിരുന്നു. ഇതൊരു മെമന്റോ മാത്രമല്ലേ , പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ? വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും രമേശ് നാരായണൻ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം.
രമേശ് നാരായണന് എതിരെ രൂക്ഷമായ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.
രാഹുലിന്റെ വാക്കുകൾ-
‘എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ’ എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് ‘ഉദയനാണ് താരം’ എന്ന സിനിമയിൽ. ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.
ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.