ന്യൂദൽഹി- വിവാഹമോചന കേസിൽ കോടതി നടപടികൾ തുടരുന്നതിനിടെ മറ്റൊരാളെ വിവാഹം ചെയ്തതതിന് യുവതിയെയും രണ്ടാം ഭർത്താവിനെയും സുപ്രീം കോടതി ആറു മാസം ജയിൽ ശിക്ഷക്ക് വിധിച്ചു. ദ്വിഭാര്യത്വം സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണെന്നും ഇതിന് നിസാര ശിക്ഷ മതിയാകില്ലെന്നും നിരീക്ഷിച്ചാണ് സി ടി രവികുമാറിൻ്റെയും പി വി സഞ്ജയ് കുമാറിൻ്റെയും നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ആറുമാസത്തെ ശിക്ഷ വിധിച്ചത്. ഇരുവരെയും നിസാര ശിക്ഷ നൽകി വിട്ടയച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
അതേസമയം, ദമ്പതികളുടെ ആറുവയസ്സുള്ള കുട്ടിയെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഭർത്താവ് ആദ്യം ശിക്ഷ അനുഭവിക്കണമെന്നും കാലാവധി പൂർത്തിയാക്കിയ ശേഷം യുവതി ജയിലിലേക്ക് പോകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പ്രത്യേക സഹചര്യത്തിലാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയതെന്നും മറ്റു വിധികൾക്ക് ഇത് മാതൃകയാക്കാൻ പറ്റില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ദമ്പതികൾക്ക് ഒരു ദിവസം മാത്രം ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതിയുടെ ആദ്യ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.
“സമൂഹത്തെ സ്വാധീനിച്ചേക്കാവുന്ന ഒരു കുറ്റത്തിന് ശിക്ഷ വിധിക്കുന്ന കാര്യത്തിൽ ചെറിയ ശിക്ഷ മതിയാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.