റിയാദ് – കാലാവധി തീര്‍ന്ന കോഴിയിറച്ചി ശേഖരം ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിച്ച് വില്‍ക്കാന്‍ ശ്രമിച്ച മൊത്ത വ്യാപാര സ്ഥാപനത്തിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തി. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ കാലാവധിയില്‍ തിരുത്തലുകള്‍ വരുത്തിയ അഞ്ചു ടണ്‍ കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും കണ്ടെത്തുകയായിരുന്നു.
ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാന്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഉപയോഗ കാലാവധിയില്‍ തിരുത്തല്‍ വരുത്താന്‍ സൂക്ഷിച്ച സ്റ്റിക്കര്‍ ശേഖരവും ഉപകരണങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തിയിരുന്നു.
പരിശോധനക്കിടെ കണ്ടെത്തിയ കാലാവധി തീര്‍ന്ന കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേല്‍നോട്ട പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന ഏകീകൃത നമ്പറില്‍ ബന്ധപ്പെട്ടോ തമനീ ആപ്പ് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.