തിരുവനന്തപുരം- തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെടുത്തു. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. മാലിന്യത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം അറിയിച്ചത്.