ബർലിൻ- എന്തു മന്ത്രമായിരിക്കും ഇടവേളയിൽ സ്പെയിൻ താരങ്ങൾക്ക് ലഭിച്ചിരിക്കുക. ബൂട്ടിൽ തീ പാറിക്കാൻ പാകത്തിലുള്ള എന്തോ ഒരു ആവേശം സ്പാനിഷ് താരങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. അതാണ് യൂറോ കപ്പിന്റെ രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന്റെ നെഞ്ചകം പിളർത്തി വില്യംസ് നേടിയ ഗോൾ. ബോക്സിന്റെ വലതുവശത്തുനിന്ന് ലഭിച്ച പന്ത് ഒന്നൊഴിഞ്ഞു മാറി പോസ്റ്റിന്റെ ഇടതുഭാഗത്തുള്ള വില്യംസിന് ലാമിൻ യമാൽ നീട്ടി കൊടുക്കുന്നു. പ്രതിരോധ നിരയിലെ താരത്തെ മറി കടന്ന പന്തിനു നേരെ ഗോളി ചാടി വീണെങ്കിലും കാലിൽ തൊടാതെ പോസ്റ്റിലേക്ക് കുതിച്ചു കയറി. യൂറോപ്യൻ ഫുട്ബോൾ രാജാക്കന്മാരായുള്ള സ്പാനിഷ് പടയോട്ടം ഇവിടെ തുടങ്ങുകയായിരുന്നു. ഇതിനിടയിൽ ഇംഗ്ലണ്ടിന്റെ പാമർ ത്രസിപ്പിക്കുന്ന ഗോൾ നേടിയെങ്കിലും സ്പാനിഷ് വസന്തത്തെ തല്ലിക്കെടുത്താനായില്ല. മത്സരം തീരാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കേ മൈക്കൽ ഒയാറസേബാൽ സ്പെയിനിന്റെ വിജയ ഗോൾ നേടി. കുക്കുറെല്ല ഇടതു വിങ്ങിലൂടെ കൈമാറിയ പന്ത് കീപ്പറെ മറികടന്ന് ഒയാർസബാൽ ഒരു സ്പർശത്തിലൂടെ ഗോളാക്കി. ഇംഗ്ലണ്ടിന്റെ കിരീട സ്വപ്നത്തിന് മേൽ സ്പാനിഷ് പടയുടെ അന്ത്യകൂദാശ.
എഴുപത്തിമൂന്നാമത്തെ മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി പാമറിന്റെ ഗോൾ. സാക്കയിൽനിന്ന് ലഭിച്ച പന്ത് ബുള്ളറ്റ് കണക്കെ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു.
ആദ്യ ഗോൾ നേടിയ ശേഷവും സ്പാനിഷ് പട അവസാനിപ്പിക്കാൻ തയ്യാറല്ലായിരുന്നു. തൊട്ടടുത്ത നിമിഷങ്ങളിൽ ആക്രമണത്തിന് കൂടുതൽ മൂർച്ച കൂട്ടിയാണ് സ്പെയിൻ പോരാട്ടം ശക്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ബോക്സിലേക്ക് തിരമാല കണക്കെ സ്പെയിൻ അഴിച്ചുവിട്ടു. സ്പെയിനിന്റെ നിർഭാഗ്യവും ഇംഗ്ലണ്ടിന്റെ ഭാഗ്യവും കാരണം ഗോൾ മാത്രം പിറന്നില്ല. എന്നാൽ ഇതിനിടെ ഇംഗ്ലണ്ട് ഗോൾ നേടിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമോ എന്ന് ആരാധകർ കരുതാൻ തുടങ്ങി. പക്ഷെ, 87-ാം മിനിറ്റിലെ മൈക്കലിന്റെ സ്പർശം സ്പാനിഷ് വിജയം ഉറപ്പാക്കി.
അറുപത്തിയാറാമത്തെ മിനിറ്റിൽ യമാൽ വീണ്ടും അപകടകരമായ മുന്നേറ്റം നടത്തിയെങ്കിലും കോർണറിൽ അവസാനിച്ചു. ബോക്സിന്റെ വലതുമൂലയിൽനിന്ന് ലഭിക്കുന്ന പന്തിൽ യാമിൻ ലമാൽ കൂടുതൽ അപകടകാരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ഷോട്ടും. നേരത്തെ ഗോളിലേക്ക് നയിച്ച ഷോട്ടിലേക്ക് യാമിൻ ലമാൽ നൽകിയ പാസും ഇതേ പൊസിഷനിൽനിന്നായിരുന്നു. സെമിയിൽ യമാൽ നേടിയ ഗോളും ഇതേ പൊസിഷനിൽനിന്ന് തന്നെ.
ആദ്യപകുതിയിൽ സ്പെയിൻ കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും കൗണ്ടർ അറ്റാക്കുകളിൽ കളം നിറഞ്ഞത് ഇംഗ്ലണ്ടായിരുന്നു. ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആവേശം വിതറുന്ന നിമിഷങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഫ്രീ കിക്കിൽ നിന്ന് ഇംഗ്ലണ്ട് അപകടകരമായ മുന്നേറ്റം നടത്തി. റൈസിൽനിന്ന് ലഭിച്ച ഫ്രീ കിക്ക് ഫോഡനിലേക്കെത്തി.
ഫോഡൻ പോസ്റ്റിന്റെ ഇടുകിയ കോണിൽനിന്ന് ഷോട്ട് എടുത്തെങ്കിലും സ്പെയിൻ ഗോളി സൈമൺ സേവ് ചെയ്തു. നാൽപത്തിയഞ്ചാമത്തെ മിനിറ്റിൽ സ്പെയിൻ പോസ്റ്റിലേക്ക് എത്തിയ ഹാരി കെയ്നിനെ ഉജ്വലമായി ബ്ലോക്ക് ചെയ്ത് റോഡ്രി മറ്റൊരു സഹചര്യത്തെയും ഇല്ലാതാക്കി. നാൽപത്തിമൂന്നാമത്തെ മിനിറ്റിൽ മൊറാട്ടയും ലാപോർട്ടെയും ചേർന്നുള്ള നീക്കം കോർണറിൽ കലാശിച്ചു.
ഇംഗ്ലണ്ടിന്റെ മുന്നേറ്റം തകർത്ത് സ്പെയിൻ മികച്ച പ്രകടനം നടത്തിയെങ്കിലും കൗണ്ടർ അറ്റാക്കിൽ പലപ്പോഴും പിഴച്ചു.
ആദ്യപകുതിയുടെ പകുതിയ സമയത്തിന് ശേഷം ഇംഗ്ലണ്ട് കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിക്കാൻ ശ്രമിച്ചു. എന്നാൽ സ്പെയിനിന്റെ മുഴുവൻ കളിക്കാരും ഇംഗ്ലണ്ടിന്റെ പകുതിയിലേക്ക് ആക്രമിച്ചു കളിച്ചു. ആദ്യപകുതിയിൽ ഗോളുകളൊന്നും അടിക്കാതെയാണ് ഇരു ടീമുകളും മടങ്ങിയത്.
പെലെയുടെ 66 വർഷത്തെ റെക്കോർഡ് തകർത്ത് ലാമിൻ യമാൽ
ബർലിൻ- ലോക ഫുട്ബോളിന്റെ ചക്രവർത്തി പെലെയുടെ പേരിലുള്ള റെക്കോർഡ് സ്പെയിനിന്റെ ലാമിൻ യമാൽ തകർത്തു. ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് യമാൽ തകർത്തത്. തന്റെ പതിനേഴാം ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേന്നായിരുന്നു യമാൽ റെക്കോർഡ് തകർത്തത്. 1958 ലോകകപ്പ് ഫൈനലിൽ പെലെ സ്ഥാപിച്ച റെക്കോർഡാണ് യമാൽ ഓർമ്മയാക്കിയത്.