ദുബായ് – യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അറിയിച്ചു. മകന്‍ ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി കൂടിയാലോചിച്ചും ഗവണ്‍മെന്റ് ഘടന നിരന്തരം വികസിപ്പിക്കുന്നതിന്റെ തുടര്‍ച്ചയെന്നോണവുമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ശൈഖ് ഹംദാന്‍ യു.എ.ഇ ഗവണ്‍മെന്റിന് ഒരു മികച്ച മുതല്‍ക്കൂട്ടാകുമെന്നും യു.എ.ഇയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കുമെന്നും വലിയ വിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.
വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ചുവരുന്ന ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനെ ഉപപ്രധാനമന്ത്രിയായും നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, മാനവശേഷി, സാമൂഹിക വികസന സമിതി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ അധ്യക്ഷതയില്‍ പുനഃസംഘടിപ്പിച്ചു. സമിതി ഡെപ്യൂട്ടി ചെയര്‍മാനായി ശൈഖ മര്‍യം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെയും നിയമിച്ചു. സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയവും വിദ്യാഭ്യാസ, മാനവശേഷി, സാമൂഹിക വികസന സമിതി കുടക്കീഴില്‍ ഉള്‍പ്പെടുന്നു. ശൈഖ മര്‍യം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്വാളിറ്റി എജ്യുക്കേഷന്‍ പ്രസിഡന്റ് ആയും നിയമിച്ചു.
സ്‌പോര്‍ട്‌സ് മന്ത്രിയായും ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജി പ്രസിഡന്റ് ആയും
ശൈഖ് അഹ്മദ് ബല്‍ഹൗലിനെയും നിയമിച്ചു. നിലവില്‍ വഹിക്കുന്ന യു.എ.ഇ സ്‌പേസ് ഏജന്‍സി പ്രസിഡന്റ് പദവിക്കു പുറമെയാണിത്. വിദ്യാഭ്യാസ മന്ത്രിയായി സാറ അല്‍അമീരിയെയും നിയമിച്ചു. സംരംഭകത്വ മന്ത്രിയായി ഉലയ്യ അബ്ദുല്ല അല്‍മസ്‌റഊഇയെയും നിയമിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണ, മാനവശേഷി മന്ത്രിയായ അബ്ദുറഹ്മാന്‍ അല്‍ഔറിനെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായും നിയമിച്ചിട്ടുണ്ട്.