അബുദാബി: അബുദാബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി ‘ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്’ എന്നാണ് അറിയപ്പെടുക.
ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുതൽ അബൂദബി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രവർത്തിച്ച അൽഐനിലെ മുതിർന്ന ഡോക്ടറാണ് ജോർജ് മാത്യു. 57 വർഷമായി യു.എ.ഇയിലുള്ള ഡോക്ടർക്ക് സമ്പൂർണ യുഎഇ പൗരത്വം, സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെ ഡോ. ജോർജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്.
1967 ൽ ഇരുപത്തിയാറാം വയസിൽ ഭാര്യ വൽസലക്കൊപ്പം യു.എ.ഇയിൽ എത്തിയതാണ് ഡോ. ജോർജ് മാത്യൂ. അൽഐനിലെ ആദ്യത്തെ സർക്കാർ ഡോക്ടർമാരിലൊരാളാണദ്ദേഹം. 1972ൽ അൽ ഐൻ റീജിയന്റെ മെഡിക്കൽ ഡയറക്ടർ, 2001ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 84-ാമത്തെ വയസിലും പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൽ ഡോ. ജോർജ് മാത്യൂ സജീവമാണ്.