കൊളംബിയയുടെ 23 വര്‍ഷത്തെ ചരിത്രം മാറ്റി റൊഡ്രിഗസ്
ഷാലറ്റ്: ഈ കോപ്പാ അമേരിക്ക കൊളംബിയയുടെ മാത്രമല്ല ഹാമിഷ് റൊഡ്രിഗസ് എന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിട്ടായിരിക്കും ചരിത്രം രേഖപ്പെടുത്തുക. മറന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലുമായാണ് റൊഡ്രിഗസ് ഇത്തവണ വന്നത്. കൊളംബിയയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പാ സെമിയിലെത്തിച്ചിരിക്കുകയാണ് റൊഡ്രിഗസ് എന്ന കപ്പിത്താന്‍. റൊഡ്രിഗസിന്റെ കളിമികവ് കണ്ടവര്‍ അദ്ദേഹത്തെ മറന്നിരുന്നു. ഫുട്‌ബോള്‍ ലോകത്ത് നിന്ന് അയാള്‍ മാഞ്ഞുപോയിരുന്നു. എന്നാല്‍ അയാള്‍ തിരിച്ചുവന്നിരിക്കുന്നു. പഴയ വീര്യത്തോടെ
2014 ലോകകപ്പാണ് റൊഡ്രിഗസിനെ ഏവരുടെയും പ്രിയപ്പെട്ട താരമാക്കിയത്. ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ്. പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഉറുഗ്വെ. മല്‍സരത്തിന്റെ 50ാം മിനിറ്റില്‍ 28വാര അകലെ നിന്നും ഉയര്‍ന്നിറങ്ങിയ പന്തിനെ തന്റെ ഇടത് നെഞ്ചു കൊണ്ട് ഇടത്തേ കാലില്‍ സ്വീകരിക്കുന്നു. പിന്നീട് കണ്ടത് അതിമനോഹരമായ ഒരു ഗോള്‍. ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോള്‍. അന്ന് റൊഡ്രിഗസിന്റെ പ്രായം 23. ആ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിന് ഉടമ. ഏവരും കൊതിച്ച ഒരു തുടക്കത്തില്‍ നിന്ന് അയാള്‍ വീണത് കൊടും താഴ്ചയിലേക്ക്.
എങ്ങിനെ എന്ന് ആര്‍ക്കും വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു പതനം. കൊളംബിയന്‍ താരത്തിന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ എവിടെയും ലഭിച്ചില്ല. എല്ലായിടത്ത് നിന്നും അയാള്‍ തഴയപ്പെടുകയായിരുന്നു. 2014 ലോകകപ്പിലെ പ്രകടനം കണ്ടാണ് യൂറോപ്പിലെ പവര്‍ ഹൗസുകളായ റയല്‍ താരത്തെ റാഞ്ചുന്നത്.സിദാന്‍ ഭരിച്ചിരുന്ന റയലില്‍ റൊഡ്രിഗസിന് കാര്യമായ റോള്‍ ഇല്ലായിരുന്നു. പകരക്കാരനായി പോലും അദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. റയലില്‍ 125 മല്‍സരങ്ങളില്‍ നിന്ന് 37 ഗോളുകളും 42 അസിസ്റ്റും അദ്ദേഹം നേടി. പിന്നീട് ചേക്കേറിയത് ബുണ്ടസാ ലീഗിലെ ബയേണ്‍ മ്യുണിക്കിലും റയലിലെ സ്ഥിതി തന്നെ. പലപ്പോഴും ആദ്യ ഇലവനുകളില്‍ നിന്ന് തഴയപ്പെട്ടു. 2019ല്‍ വീണ്ടും റയലിലേക്ക്.തിരിച്ചുവരവിലും മാഡ്രിഡില്‍ കാര്യമായി ഉയരാന്‍ കഴിഞ്ഞില്ല.
പിന്നീട് എവര്‍ട്ടണ്‍, ഒളിമ്പിയാക്കോസ്, അല്‍ റിയാല്‍ എന്നീ പല ടീമിലേക്കും റൊഡ്രിഗസ് ചേക്കേറി. പിന്നീട് യൂറോപ്പിന്റെ ഫുട്‌ബോള്‍ വാര്‍ത്തകളില്‍ നിന്ന് റൊഡ്രിഗസ് അപ്രത്യക്ഷനായി. ലാറ്റിന്‍ അമേരിക്കയിലും സ്ഥിതി ഇതുതന്നെ. ദേശീയ ടീമിലും സ്ഥാനമില്ല. ഒരു വന്‍കരയിലും റൊഡ്രിഗസിന് ഫോം കണ്ടെത്താനായില്ല. 2021 കോപ്പയ്ക്കുള്ള ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഖത്തര്‍ ലോകകപ്പിന് കൊളംബിയക്ക് യോഗ്യത നല്‍കാനും റൊഡ്രിഗസിനായില്ല.
ഒടുവില്‍ ബ്രസീലിലെ സാവോ പോളോ ക്ലബ്ബിലെത്തി. ഏവരും എഴുതി തള്ളിയ റൊഡ്രിഗസിനെ കാത്ത് ഒരു പുതുചരിത്രം അവിടെ രചിക്കുന്നുണ്ടായിരുന്നു. ആരാധകര്‍ അദ്ദേഹത്തെ മറന്ന് തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ ടീമിലേക്ക് ഇത്തവണ ക്ഷണിച്ചത് നായകനായി തന്നെ. ആ റോള്‍ റൊഡ്രി ഭംഗിയായി നിര്‍വഹിച്ചു. ഈ കോപ്പയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റും ഒരു ഗോളും. തകര്‍ത്തത് മിശ്ശിഹായുടെ റെക്കോഡ്. കൂടെ ടീമിന് ഫൈനല്‍ ടിക്കറ്റും. റൊഡ്രിഗസ് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു അവന് വേണ്ടി രാജ്യത്തിന് വേണ്ടി തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടി.
നെസ്റ്റര്‍ ലോറന്‍സ് എന്ന കോച്ച് റൊഡ്രിഗസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.ആ സ്വാതന്ത്ര്യം റൊഡ്രിഗസ് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചു. 2014 ല്‍ ബ്രസീലില്‍ പന്ത് തട്ടിയ അതേ ആവേശത്തോടെയാണ് താരം അമേരിക്കയിലും പന്തു തട്ടുന്നത്. റൊഡ്രിയുടെ പരിചയസമ്പത്തും കഴിവും ചേര്‍ന്ന് കൊളംബിയ ഒന്നന്നര ടീമായി. ഏത് പൊസിഷനിലും സ്യൂട്ട്. 170 ഓളം പാസ്സുകള്‍ 35ലധികം സ്‌ട്രോങ് പാസ്സുകളും. അതേ പഴയ റൊഡ്രിഗസ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. കൊളംബിയ ഈ കോപ്പയില്‍ നേടിയ 12 ഗോളില്‍ ഏഴെണ്ണത്തിലും റൊഡ്രിയുടെ ഇന്‍വോള്‍വ്‌മെന്റുണ്ട്.
ഇനി കോപ്പയില്‍ ഒരു കിരീടം.കൊളംബിയയുടെ പഴയ ഫുട്‌ബോള്‍ ചരിത്രം തിരിച്ച് പിടിക്കാന്‍ അവര്‍ക്ക് ഈ കോപ്പാ കിരീടം വേണം. അത് നായകന്‍ റൊഡ്രിഗസിന് ചിറകില്‍ തന്നെ വേണം.
മറന്നവർ ഓർമ്മിക്കുക, ഒരിക്കൽ മുറിവേറ്റ റൊഡ്രിഗസാണ് വരുന്നത്.. അയാളുടെ സ്വപ്നം കോപ്പ കിരീടമാണ്.