ജിദ്ദ – കഴിഞ്ഞ മാസം സൗദി അറാംകൊയുടെ ഓഹരി വില്‍പനയിലൂടെ 1,235 കോടി ഡോളര്‍ സമാഹരിച്ചതായി ബാങ്ക് ഓഫ് അമേരിക്കക്കു കീഴിലെ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ മെറില്‍ ലിഞ്ച് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ 0.64 ശതമാനം ഓഹരികളാണ് കഴിഞ്ഞ മാസം ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തിയത്.
ഓഹരിയൊന്നിന് 27.25 റിയാല്‍ തോതില്‍ വില നിശ്ചയിച്ച് 154.4 കോടി ഷെയറുകളാണ് വിറ്റത്. ഇടപാടിന്റെ സ്റ്റെബിലൈഷന്‍ മാനേജര്‍ എന്ന നിലയില്‍ മെറില്‍ ലിഞ്ച് വഴി 15.45 കോടി ഓഹരികള്‍ അധികമായി വില്‍പനക്ക് വെച്ചിരുന്നു. ഐ.പി.ഒ നടത്തിയ ശേഷം ഇന്നലെ സൗദി അറാംകൊ ഓഹരി മൂല്യം മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 28.15 റിയാലിലെത്തിയിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് നടപ്പാക്കുന്ന വിഷന്‍ 2030 ന്റെ അടിസ്ഥാന ലക്ഷ്യമായ, പുതിയ വ്യവസായങ്ങളില്‍ നിക്ഷേപിക്കാനും എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് അകന്ന് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സൗദി അറാംകൊ ഓഹരി വില്‍പനയിലൂടെ സമാഹരിച്ച തുക ഇന്ധനം നല്‍കും.