ഡോട്ട്മുണ്ട്(ജർമനി)- ഇംഗ്ലണ്ടിന് ഇന്നും ഒരു മാറ്റവുമുണ്ടായില്ല. പ്രീ ക്വാർട്ടർ ഫൈനലിന്റെ അവസാന നിമിഷം ഗോൾ നേടി എങ്ങിനെ ക്വാർട്ടറിൽ പ്രവേശിച്ചോ അതേ രീതിയിൽ ഇന്നും വിജയിച്ച് യൂറോ കപ്പിന്റെ ഫൈനലിലേക്ക് ഇംഗ്ലണ്ട് കുതിച്ചു. ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പ്രീ ക്വാർട്ടറിലും പിറകിൽനിന്ന ശേഷമായിരു്നു ഇംഗ്ലണ്ടിന്റെ വിജയം. മത്സരം തീരാൻ ഏതാനും നിമിഷം മാത്രം ബാക്കിയുള്ളപ്പോൾ വാറ്റ്കിൻസാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ഏതാനും മിനിറ്റ് മുമ്പ് മാത്രം പകരക്കാരനായി കളത്തിൽ എത്തിയതായിരുന്നു വാറ്റ്കിൻസ്. ഓരോ മനുഷ്യനും ഓരോ നിയോഗമുള്ളതു പോലെ ഈ യൂറോയിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കുകയായിരുന്നു വാറ്റ്കിൻസിന്റെ ദൗത്യം. യൂറോ ഫൈനലിൽ സ്പെയിനാണ് ത്രീ ലയൺസിന്റെ എതിരാളികൾ.
യൂറോ കപ്പ് ഫുട്ബോളിൽ ഇതുവരെ കാഴ്ചവെച്ചതിലും മികച്ച ഫുട്ബോൾ സെമിയിൽ പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിക്കുന്ന ശൈലിയിലായിരുന്നു എതിരാളികളായ നെതൽലാന്റ്. നാലാമത്തെ മിനിറ്റിൽതന്നെ ഇംഗ്ലണ്ടിന്റെ ബോക്സിലേക്ക് കയറിയ ഓറഞ്ച് പട തൊടുത്ത ഷോട്ട് ഇംഗ്ലണ്ടിന്റെ ഗോളി തടഞ്ഞു. ഏഴാമത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന്റെ സാക്ക നടത്തിയ നീക്കവും പരാജയപ്പെട്ടു.
ഏഴാമത്തെ മിനിറ്റിൽ സാവി സൈമൺസ് ഓറഞ്ച് പടയുടെ ഗോൾ നേടി. റൈസിൽ നിന്ന് ലഭിച്ച പന്ത് മധ്യഭാഗത്തേക്ക് വെട്ടിച്ചു കടന്ന ശേഷം തനിക്ക് മുന്നിലുള്ള തീരെ ചെറിയ ഇടവഴിയിലൂടെ പന്ത് ഇംഗ്ലണ്ടിന്റെ വലയിൽ പതിപ്പിച്ചു. ഇംഗ്ലണ്ടിന്റെ ഗോളിക്ക് കാഴ്ച്ചക്കാരനായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
പതിനൊന്നാമത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന്റെ നായകൻ ഹാരി കെയ്ൻ തൊടുത്ത ഷോട്ട് ഗോളി തടുത്തു. പതിനെട്ടാമത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ ഗോളാക്കി. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അടിച്ച ശക്തമായ ഷോട്ട് ഗോളാകുകയായിരുന്നു. ഹോളണ്ട് ഗോളി പന്തിനായി ചാടിയെങ്കിലും ഫലമുണ്ടായില്ല.
സമനില ആയതോടെ ഹോളണ്ടും ഗോൾ തിരിച്ചടിച്ച ആവേശത്തിൽ ഇംഗ്ലണ്ടും പിന്നീട് മികച്ച നിരവധി മുന്നേറ്റങ്ങൾ ആദ്യപകുതിയിൽ കാഴ്ചവെച്ചു. അതിനിടെ 23 മത്തെ മിനിറ്റിൽ ഇംഗ്ലണ്ടിന് ഗോളെന്നുറപ്പിച്ച അവസരം ലഭിച്ചെങ്കിലും വിജയം കണ്ടില്ല. ഫോഡൻ അടിച്ച പന്ത് ഗോളിയെയും കടന്ന് കുതിച്ചെങ്കിലും ഗോൾ വരയിൽ ഡംഫയേഴ്സ് കാവൽക്കാരനായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഗോൾവരയിൽ വെച്ച് പന്ത് ഡംഫയേഴ്സ് തടഞ്ഞു. മുപ്പതാമത്തെ മിനിറ്റിൽ ഹോളണ്ടിന്റെ ഡംഫീസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. മുപ്പത്തിയാറാമത്തെ മിനിറ്റിൽ പരിക്കേറ്റ ഡിപേയെ മാറ്റി പകരം ജോയി വീർമനാനെ കളത്തിലിറക്കി.
രണ്ടാം പകുതിയെ വൻമാറ്റങ്ങളുമായാണ് ഇരുടീമുകളും എത്തിയത്. മാലെന് പകരം വെഗ്ഹോസ്റ്റിനെ നെതർലാന്റും ട്രൈപ്പിയറിന് പകരം ഷോവിനെ ഇംഗ്ലണ്ടും കളത്തിലെത്തിച്ചു. ആദ്യപകുതിയിൽനിന്ന് വ്യത്യസ്തമായി ചൂടുകുറഞ്ഞതായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഹോളണ്ടിന്റെ പ്രതിരോധം തകർക്കാനുള്ള ഇംഗ്ലണ്ട് നീക്കം വിജയിച്ചതേയില്ല. അറുപത്തിയൊന്നാമത്തെ മിനിറ്റിൽ നെതർലാന്റ് മുന്നേറ്റം നടത്തിയെങ്കിലും ഫലപ്രാപ്തി നേടാനായില്ല.
അറുപത്തിയഞ്ചാമത്തെ മിനിറ്റിൽ നെതർലാന്റ് ഒരിക്കൽ കൂടി ഗോൾ നേടുമെന്ന് ഉറപ്പിച്ച നിമിഷമായിരുന്നു. ഫ്രീ കിക്കിൽ നിന്ന് കുതിച്ചെത്തിയ പന്ത് ഇംഗ്ലണ്ടിന്റെ ബോക്സിൽ വെച്ച് വാൻജിക് ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി രക്ഷകനായി. രണ്ടാം പകുതിയിൽ നിരന്തര ആക്രമണങ്ങൾ നടത്തിയത് ഹോളണ്ടായിരുന്നു.
എഴുപത്തിനാലാമത്തെ മിനിറ്റിൽ സാവി സൈമൺസിന്റെ ഷോട്ടും ഇംഗ്ലണ്ട് ഗോളി തടുത്തു. എഴുപത്തിയൊൻപതാം മിനിറ്റിൽ സാക്ക പന്ത് ഗോളണ്ട് വലയിൽ എത്തിച്ചെങ്കിലും ഓഫ്സൈഡായി. എൺപതാമത്തെ മിനിറ്റിൽ ഹാരി കെയ്നിനെയും ഫോഡനെയും മാറ്റിയ കോച്ച് വാറ്റ്കിൻസിനെയും പാൽമറിനെയും കളത്തിലെത്തിച്ചു. വാറ്റ്കിൻസിയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. എൺപത്തിയാറാമത്തെ മിനിറ്റിൽ ഗാപ്കോയെ പിറകിൽനിന്ന് തള്ളിയതിന് സാക്കക്ക് മഞ്ഞകാർഡ് ലഭിച്ചു. ഏറ്റവും നിർണായകമായ ഈ സ്ഥലത്തുനിന്ന് ലഭിച്ച കിക്ക് പക്ഷെ മുതലാക്കാൻ ഡച്ച് പടക്ക് സാധിച്ചില്ല. മറ്റൊരു പ്രധാന ടൂർണ്ണമെന്റിൽനിന്ന് കൂടി അവസാന നിമിഷം ഹോളണ്ട് പുറത്തായി. കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ഹോളണ്ട് പുറത്തുപോയത്.