ജിദ്ദ – ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച സ്വദേശികളും വിദേശികളും അടക്കം 11,060 പേരെ വിവിധ പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ ദുല്‍ഹജ് മാസത്തില്‍ ശിക്ഷിച്ചതായി സൗദി ജവാസാത്ത് അറിയിച്ചു.
നിയമ ലംഘകര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നല്‍കരുതെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ആവശ്യപ്പെട്ടു.
ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.