ഷാലറ്റ് : കോപ്പാ അമേരിക്കയില്‍ നാളെ തുല്യ ശക്തികളുടെ പോരാട്ടം. നാളെ പുലര്‍ച്ചെ നടക്കുന്ന സെമിയില്‍ ബ്രസീലിനെ വീഴ്ത്തി വരുന്ന ഉറുഗ്വെയും ഇക്വഡോറിനെ മറികടന്ന് വരുന്ന കൊളംബിയയും ഏറ്റുമുട്ടുന്നു. ഷാലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കിക്കോഫ്.
ഈ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമുകളാണ് നാളെ ഇറങ്ങുന്നത്.
കഴിഞ്ഞ അഞ്ച് കളികളില്‍ തകര്‍പ്പന്‍ ഫോം പ്രകടിപ്പിക്കുകയും അതില്‍ നാലെണ്ണം ജയിക്കുകയും ബ്രസീലിനെതിരെ ഒരു സമനില നേടുകയും ചെയ്താണ് കൊളംബിയ സെമിയിലെത്തുന്നത്.
തുടരെ 27 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കൊളംബിയന്‍ ടീമിന്റെ എന്‍ജിന്‍ ബ്രസീലിയന്‍ ലീഗില്‍ സാവോപോളോ ക്ലബ്ബിനു കളിക്കുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹാമിഷ് റോഡ്രിഗസ് തന്നെ. ഒരു ഗോള്‍ നേടിയ റോഡ്രിഗസിന്റെ പേരില്‍ 5 അസിസ്റ്റുകളുമുണ്ട്. കോപ്പയിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ഉറുഗ്വെയുടെ ഇരുപത്തിയഞ്ചുകാരന്‍ ഡാര്‍വിന്‍ ന്യുനസിന്റെയും കൊളംബിയയുടെ മുപ്പത്തിരണ്ടുകാരന്‍ ഹാമിഷ് റോഡ്രിഗസിന്റെയും ഏറ്റുമുട്ടല്‍ കൂടിയാണ് നാളെ നടക്കുക.
ഇതുവരെ 2 ഗോള്‍ മാത്രമേ നേടിയിട്ടുള്ളുവെങ്കിലും എതിര്‍ ടീം പെനല്‍റ്റി ബോക്‌സില്‍ നിരന്തരം ഭീതി സൃഷ്ടിക്കുന്ന ലിവര്‍പൂള്‍ താരം ന്യുനസാണ് മുന്നേറ്റനിരയില്‍ ഉറുഗ്വെ കോച്ച് മാഴ്‌സലോ ബിയെല്‍സയുടെ തുറുപ്പുചീട്ട്. പരിക്കേറ്റ റൊണാള്‍ഡ് അരോയോയും വിലക്കിലായ നഹിതന്‍ നാന്‍ഡസും സെമിയില്‍ കളിക്കില്ല എന്നതാണ് ഉറുഗ്വെയ്ക്ക് തിരിച്ചടി.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമുകളാണ് കൊളംബിയയും ഉറുഗ്വൊയും. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളില്‍ തന്നെ ഉറുഗ്വെ 9 ഗോളുകള്‍ നേടിയപ്പോള്‍ കൊളംബിയ നേടിയത് 6 ഗോളുകള്‍. എന്നാല്‍ നോക്കൗട്ടിലെ ഒറ്റ മത്സരത്തില്‍ തന്നെ അവര്‍ ഗോളടിയില്‍ മുന്നിലെത്തി. പാനമയെ തകര്‍ത്തത് 5-0ന്. ഉറുഗ്വെയ്ക്ക് ക്വാര്‍ട്ടറില്‍ ഗോളടി തുടരാനായില്ലെങ്കിലും കരുത്തരായ ബ്രസീലിനെ 90 മിനിറ്റ് പിടിച്ചുകെട്ടിയ അവര്‍ ഷൂട്ടൗട്ടില്‍ വിജയം നേടുകയും ചെയ്തു.
കൊളംബിയന്‍ ഗോള്‍കീപ്പര്‍ കാമിലോ വര്‍ഗാസിന്റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാവും. ഇരുടീമും പരസ്പരം 45 തവണ ഏറ്റുമുട്ടിയപ്പോള്‍ 20 തവണ ഉറുഗ്വെയും 14 തവണ കൊളംബിയ ജയം കണ്ടു. അവസാനമായി രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ അവസാനിച്ചു. കോപ്പാ അമേരിക്കയില്‍ ഏറ്റുവും കൂടുതല്‍ കിരീടം നേടിയ ടീമായ ഉറുഗ്വെ പഴയ പോരാട്ട വീര്യവുമായാണ് ഇക്കുറി അമേരിക്കയിലെത്തിയത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഉറുഗ്വെയുടെ ലക്ഷ്യത്തില്‍ ഇല്ല. കൊളംബിയയെ വീഴ്ത്തി അര്‍ജന്റീനയുമായി ഫൈനല്‍ കളിക്കുക എന്നതാണ് ഉറുഗ്വെയുടെ സ്വപ്നം.