ബെര്‍ലിന്‍: യൂറോ കപ്പില്‍ സ്‌പെയിനിന്റെ എതിരാളികളെ ഇന്നറിയാം. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നെതര്‍ലന്റസും ഏറ്റുമുട്ടും. പ്രമുഖ ടീമെന്ന ഖ്യാതിയും താരസമ്പന്നവുമായ ഇംഗ്ലണ്ട് ടീമിന്റെ കിരീട വരള്‍ച്ച മാറാനുള്ള ആദ്യ അങ്കം ഇന്ന് ജയിക്കുമോ എന്ന് കണ്ടറിയാം. എതിരാളികളാവട്ടെ കരുത്തരായ ഡച്ച് പടയും. മികച്ച ഫോമിലാണ് ഡച്ച് നിര. ഇംഗ്ലിഷ് നിരയാകട്ടെ തനത് ഫോമിലേക്കുയര്‍ന്നിട്ടില്ല. സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലിഷ് ടീം സെമിയിലെത്തിയത്. കരുത്തരായ തുര്‍ക്കിയെ പൂട്ടിയാണ് ഓറഞ്ച് പട സെമിയിലെത്തിയത്. ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍, ജ്യൂഡ് ബെല്ലിങ്ഹാം എന്നിവരിലാണ് ഇംഗ്ലിഷ് പ്രതീക്ഷ.പിക്ക്‌ഫോഡ്, വാല്‍ക്കര്‍, സ്‌റ്റോണ്‍സ്, ഗുഹി, ബുക്കായ സാക്ക, മെയിനോ, റൈസ്, ലൂക്ക് ഷോ, എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയേക്കും. ഇംഗ്ലണ്ട് 3-4-2-1 ഫോര്‍മേഷനിലാവും ഇറങ്ങുക.
4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങുന്ന നെതര്‍ലന്റസ് നിരയില്‍ വെര്‍ബ്രുഗെന്‍, ഡംഫ്രിസ്, ഡി വ്രിജ്, വാന്‍ ഡെക്ക്, അക്കെ, ഷൗട്ടന്‍, സിമോണ്്‌സ്, റെജിന്‍ഡേഴ്‌സ്, മാലന്‍, മെംഫിസ് ഡിപ്പേ, ഗാക്ക്‌പ്പോ എന്നിവരുണ്ടാവും.
ഒരു കിരീടത്തിനായുള്ള ഇംഗ്ലണ്ട് ടീമിന്റെ കാത്തിരിപ്പ് 58 വര്‍ഷമായി നീളുന്നു. ഈ വരള്‍ച്ചയ്ക്ക് യൂറോയില്‍ സമാപനമാവുമെന്നാണ് ഇംഗ്ലണ്ട് കോച്ച് സൗത്ത്‌ഗേറ്റ് പറയുന്നത്. 2020 യൂറോയില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ഇംഗ്ലണ്ടിന് കിരീടം നഷ്ടമായിരുന്നു. നിലവില്‍ ജര്‍മ്മനിയിലെ ബയേണ്‍ മ്യുണിക്ക് കളിക്കുന്ന ക്യാപ്റ്റന്‍ ഹാരികെയ്‌നിന് ഇന്ന് കൂടുതല്‍ മികവ് പുലര്‍ത്താനാകുമെന്നും താരം വ്യക്തമാക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ കാലിടറിയ നെതര്‍ലന്റ്‌സ് മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. തുടര്‍ന്ന് ടീം ഭേദപ്പെട്ട ഫോം വീണ്ടെടുത്തിരുന്നു. പ്രീക്വാര്‍ട്ടറില്‍ റുമാനയ്‌ക്കെതിരേ 3-0ത്തിന്റെ ജയം ടീം നേടിയിരുന്നു. ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച അറ്റാക്കിങ് താരമായ കോഡി ഗാക്‌പോയിലെ ഡച്ച് പ്രതീക്ഷ.മൂന്ന് ഗോള്‍ നേട്ടവുമായി താരം ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ മുന്നിലുണ്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന കിരീടം തേടിയാണ് ഓറഞ്ച് ടീം ജര്‍മ്മനിയില്‍ എത്തുന്നത്. അവസാനമായി കിരീടം നേടിയതും ജര്‍മ്മനിയില്‍ തന്നെയാണ്.