ജിദ്ദ – രാജ്യത്തിന്റെ വികസന പ്രയാണത്തിന് മുതല്‍കൂട്ടാകുന്ന പ്രതിഭകളെയും ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അക്കാദമിക വിദഗ്ധരെയും കാകിക താരങ്ങളെയും സൗദി പൗരത്വം നല്‍കി സൗദിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം സൗദി പൗരത്വം അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരന്‍ അടക്കം 16 അതിവിദഗ്ധരായ ഭിഷഗ്വരന്മാരും ഉള്‍പ്പെടുന്നു.
റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഉപമേധാവിയായ ഇന്ത്യന്‍ ഡോക്ടര്‍ ശമീം അഹ്മദ് ഭട്ടിനാണ് സൗദി പൗരത്വം ലഭിച്ചത്. സൗദി കൗണ്‍സില്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ റെസിഡന്റ് എന്ന നിലയില്‍ സൗദി കമ്മീഷനില്‍ നിന്ന് അക്രഡിറ്റേഷന്‍ നേടിയ ഇദ്ദേഹം എമര്‍ജന്‍സി മെഡിസിന്‍ ഗവേഷണത്തില്‍ 2007-2008 വര്‍ഷത്തിലെ സോണ്‍ പെര്‍കിന്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്.
തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും മുഴകള്‍ ഉള്‍പ്പെടെയുള്ള കുട്ടികളിലെ അതിസങ്കീര്‍ണമായ ന്യൂറോസര്‍ജിക്കല്‍ കേസുകള്‍ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ സിറിയന്‍ ഡോക്ടര്‍ മുഅ്തസം അല്‍സഅബിയാണ് പൗരത്വം ലഭിച്ച പ്രധാന ഡോക്ടര്‍മാരില്‍ ഒരാള്‍. ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ സംഘത്തിന്റെ ലീഡര്‍ ആയ ഡോ. മുഅ്തസം അല്‍സഅബി 2010 ല്‍ ഒട്ടാവ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പീഡിയാട്രിക് ന്യൂറോ സര്‍ജറിയില്‍ കനേഡിയന്‍ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഇദ്ദേഹം ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക് ന്യൂറോ സര്‍ജറിയില്‍ സജീവ അംഗവും സൗദി സൊസൈറ്റി ഓഫ് ന്യൂറോ സര്‍ജറി അംഗവുമാണ്.
മദീന ഹാര്‍ട്ട് സെന്റര്‍ സ്ഥാപകരില്‍ ഒരാളായ ഈജിപ്ഷ്യന്‍ ഡോക്ടര്‍ രിദ അഹ്മദ് അബുല്‍അതാക്കും സൗദി പൗരത്വം സമ്മാനിച്ചിട്ടുണ്ട്. 2010 മുതല്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി, പാരമ്പര്യ ഹൃദയ വൈകല്യം, ജന്മനായുള്ള ഹൃദയ വൈകല്യം എന്നിവയില്‍ കണ്‍സള്‍ട്ടന്റ് ആയി ഡോ. രിദ അബുല്‍അതാ മദീന ഹാര്‍ട്ട് സെന്ററില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
ഓങ്കോളജി തീവ്രപരിചരണത്തില്‍ വിദഗ്ധനായ ലെബനീസ് ഡോക്ടര്‍ ഹൈഥം മുഹമ്മദ് തലീജക്കും സൗദി പൗരത്വം അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയ ആശുപത്രികള്‍ക്കായി മെക്കാനിക്കല്‍ വെന്റിലേഷനില്‍ പത്തിലധികം പരിശീലന കോഴ്‌സുകളുടെ നടത്തിപ്പിന് ഇദ്ദേഹം മേല്‍നോട്ടം വഹിച്ചു. അമേരിക്കന്‍ തെറാസിക് സൊസൈറ്റി അംഗവും 2004 മുതല്‍ അമേരിക്കന്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സ് ഫെല്ലോയുമാണ്. അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഡോ. ഹൈഥമിന്റെ നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, സൗദി അറേബ്യ, ഓസ്ട്രിയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് കൊറോണ മഹാമാരി കാലത്ത് നിരവധി ആഗോള ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ ഡോ. ഹൈഥം പങ്കെടുത്തിട്ടുണ്ട്.
ക്രിട്ടിക്കല്‍ കെയറില്‍ വൈദഗ്ധ്യം നേടിയ സിറിയന്‍ ഡോക്ടര്‍ താരിഖ് അല്‍ദബ്ബാഗും സൗദി പൗരത്വം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. 2002 ല്‍ ഇന്റേണല്‍ മെഡിസിനിലും 2005 ല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസിലും 2006 ല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലും ഇദ്ദേഹത്തിന് അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ആയ ബ്രിട്ടീഷ് ഡോക്ടര്‍ അബ്ദുല്‍കരീം അല്ലാഫിനും സൗദി പൗരത്വം ലഭിച്ചു. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി മൈക്രോകത്തീറ്ററൈസേഷന്‍ ഓപ്പറേഷനുകള്‍ നടത്തുന്ന സൗദിയിലെ ഏറ്റവും പരിചയസമ്പന്നനായ കാര്‍ഡിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റുകളില്‍ ഒരാളാണ് ഡോ. അബ്ദുല്‍കരീം അല്ലാഫ്.
റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍, പാന്‍ക്രിയാസ്, കരള്‍ ഡക്റ്റ് ഓപ്പറേഷനുകളില്‍ കണ്‍സള്‍ട്ടന്റ് ആയ ഈജിപ്ഷ്യന്‍ ഡോക്ടര്‍ യാസിര്‍ മഹ്മൂദ് അല്‍ശൈഖിനും സൗദി പൗരത്വം അനുവദിച്ചു. ഏറെ ഡിമാന്റുള്ള അപൂര്‍വ സ്‌പെഷ്യാല്‍റ്റികളില്‍ ഒന്നാണ് ഇദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ബ്ലഡ്, പീഡിയാട്രിക് ഓങ്കോളജി, മജ്ജ മാറ്റിവെക്കല്‍ കണ്‍സള്‍ട്ടന്റ് ആയ അമേരിക്കന്‍ ഡോക്ടര്‍ മൊഹാബ് ഫഖ്‌റുദ്ദീന്‍ അയാസിനും സൗദി പൗരത്വം സമ്മാനിച്ചിട്ടുണ്ട്. പീഡിയാട്രിക് ഓങ്കോളജി, മജ്ജ മാറ്റിവെക്കല്‍ എന്നീ മേഖലകളിലെ മികച്ച വിദഗ്ധരില്‍ ഒരാളായ ഇദ്ദേഹം രക്ത, ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി മജ്ജ മാറ്റിവെക്കല്‍ പദ്ധതി ആരംഭിച്ചവരില്‍ ഒരാളാണ്.
കുട്ടികളിലെ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ മേഖലയില്‍ വിദഗ്ധനായ സിറിയന്‍ ഡോക്ടര്‍ മുഹമ്മദ് ത്വലാല്‍ അല്‍രിഫാഇക്കും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. 2016 മുതല്‍ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ബിഡിറ്റി ആന്റ് മോര്‍ട്ടാലിറ്റി കമ്മിറ്റി കോ-ചെയര്‍, 2016 മുതല്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ കുട്ടികളുടെ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, 2010 മുതല്‍ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി പീഡിയാട്രിക് ന്യൂറോളജി വിഭാഗം തലവന്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ എത്തിക്‌സില്‍ ഫെലോഷിപ്പ് നേടിയ സിറിയന്‍ ഡോക്ടര്‍ ഗയാസ് ഹസന്‍ അല്‍അഹ്മദും സൗദി പൗരത്വം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച് വിപുലമായ അനുഭവ സമ്പത്തുള്ള ഇദ്ദേഹത്തിന് മെഡിക്കല്‍ എത്തിക്‌സുമായി ബന്ധപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് നല്ല അറിവും ബയോ എത്തിക്‌സ് മേഖലയിലെ പരിശീലനത്തിലും വിദ്യാഭ്യാസത്തിലും വിപുലമായ അനുഭവസമ്പത്തുമുണ്ട്. സൗദിയിലെ നാഷണല്‍ ബയോമെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി റിസര്‍ച്ച് എത്തിക്‌സ് മോണിട്ടറിംഗ് ഓഫീസില്‍ ബയോ എത്തിക്‌സ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹം കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലെ സൗദി ബയോബാങ്കില്‍ സയന്റിഫിക് ആന്റ് എത്തിക്കല്‍ കമ്മിറ്റി അംഗവുമാണ്.
അമേരിക്കയിലെ നിരവധി വലിയ കേന്ദ്രങ്ങളിലും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും പീഡിയാട്രിക് ഓങ്കോളജി മേഖലയില്‍ ദീര്‍ഘകാല പരിചസമ്പത്തുള്ള അമേരിക്കക്കാരി ഡോ. അഫ്ശാന്‍ അശ്‌റഫ് അലിക്കും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. മദീന കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി പീഡിയാട്രിക് ഓങ്കോളജി ആന്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം മേധാവിയായാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഹെമറ്റോളജി, സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, സെല്ലുലാര്‍ തെറാപ്പി കണ്‍സള്‍ട്ടന്റ് ആയ അമേരിക്കന്‍ ഡോക്ടര്‍ അംറ് ഹന്‍ബലി, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ശ്വാസകോശ ശസ്ത്രക്രിയ, ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കണ്‍സള്‍ട്ടന്റ് ആയ ഈജിപ്ഷ്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ മുഹമ്മദ് അഹ്മദ് എന്നിവര്‍ക്കും പൗരത്വം ലഭിച്ചിട്ടുണ്ട്. 250 ലേറെ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ മുഹമ്മദ് അഹ്മദ് പങ്കാളിത്തം വഹിച്ചിട്ടുണ്ട്. മോണ്‍ട്രിയല്‍ സര്‍വകാശാലയില്‍ 85 ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും 100 ലേറെ നെഞ്ച് ശസ്ത്രക്രിയകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
അമേരിക്കയിലെ മിനസോട്ട സര്‍വകലാശാലയിലെ ബയോമെഡിസിന്‍ പ്രൊഫസറും ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയുമായ അമേരിക്കന്‍ ഡോ. അഹ്മദ് മുഹമ്മദ് അബൂസ്വലാഹിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സിലും ബയോമെഡിസിനിലും ഇദ്ദേഹം പി.എച്ച്.ഡി നേടിയിട്ടുണ്ട്. ഇന്റേണല്‍ മെഡിസിന്‍ പ്രൊഫസറും ഹെപ്പറ്റോളജി ആന്റ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കണ്‍സള്‍ട്ടന്റുമായ കനേഡിയന്‍ ഡോക്ടര്‍ നിഹ്‌ല അലി അസ്സാമിനും സൗദി പൗരത്വം സമ്മാനിച്ചു.
കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ഗ്യാസ്‌ട്രോഎന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍ഡോസ്‌കോപ്പി യൂനിറ്റ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ഡോ. നിഹ്‌ല വന്‍കുടല്‍ പുണ്ണ് ബാധിച്ച രോഗികളെ സഹായിക്കാനുള്ള ആദ്യത്തെ പ്രത്യേക ആപ്ലിക്കേഷന്റെ സഹസ്ഥാപകയാണ്.
ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും കായിക താരങ്ങളും വിഖ്യാത ഹദീസ് പണ്ഡിതരും സംരംഭകരും ഡോക്ടര്‍മാരും അടക്കം നിരവധി പ്രതിഭകള്‍ക്ക് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദി പൗരത്വം അനുവദിച്ചത്. ഇക്കൂട്ടത്തില്‍ മൂന്നു ഇന്ത്യക്കാര്‍ക്കും പൗരത്വം ലഭിച്ചു.
ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ വിപണികളിലും ഒന്നായ നൂന്‍ കമ്പനി സി.ഇ.ഒ ഫറാസ് ഖാലിദ്, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നീ മൂന്നു സൗദി സര്‍വകാലാശാലകളില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയ ഇന്ത്യന്‍ പ്രൊഫസര്‍ മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് ആലുഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസറും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കോംപൗണ്ട് ജുമാമസ്ജിദ് ഇമാമും ഖതീബും പ്രശസ്ത മതപണ്ഡിതനുമായ ശൈഖ് മാഹിര്‍ ഖോജ എന്നിവരാണ് സൗദി പൗരത്വം ലഭിച്ച ഇന്ത്യക്കാര്‍.
ക്യാപ്.
ഡോ. മുഅ്തസം അല്‍സഅബി
ഡോ. രിദ അഹ്മദ് അബുല്‍അതാ
ഡോ. ശമീം ഭട്ട്
ഡോ. നിഹ്‌ല അസ്സാം