മയാമി: തുടര്‍ച്ചയായ രണ്ടാം കോപ്പാ അമേരിക്ക ഫൈനലില്‍ ഇടം നേടി അര്‍ജന്റീന. നവാഗതരായ കാനഡയ്‌ക്കെതിരെ രണ്ട് ഗോളിന്റെ ജയവുമായാണ് വാമോസ് ഫൈനലിലേക്ക് മുന്നേറിയത്.ജൂലിയന്‍ അല്‍വാരസ്, ലിയോണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കനത്ത വല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് കഴിഞ്ഞു. പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.
22-ാം മിനിറ്റിലാണ് ലോകചാമ്പ്യന്‍മാരുടെ ആദ്യ ഗോളെത്തിയത്. മൈതാനമധ്യത്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന റോഡ്രിഗോ ഡി പോള്‍, മുന്നേറ്റ താരം ജൂലിയന്‍ അല്‍വാരസിലേക്ക് ഫോര്‍വേഡ് പാസ് നല്‍കി. കാനഡ പ്രതിരോധത്തെ പിളര്‍ത്തിക്കൊണ്ട് മുന്നോട്ടാഞ്ഞ അല്‍വാരസ് പന്ത് അനായാസം വലയിലെത്തിച്ചു (1-0). ബോക്സിനകത്ത് കനേഡിയന്‍ താരം ബോംബിറ്റോ ഗോള്‍ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യത്തേതും കാനഡയ്ക്കെതിരെയായിരുന്നു.
ഗോളോടെ മെസ്സിയും സംഘവും താളം വീണ്ടെടുത്തു. കാനഡയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. അര്‍ജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി. 4-4-2 ആയിരുന്നു അര്‍ജന്റീനയുടെ ലൈനപ്പ്. കാനഡയുടേത് 4-2-3-1. പന്ത്രണ്ടാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് മെസ്സി ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി.
കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. 15, 16 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാനായി അവര്‍ക്ക്. ബോക്സിനകത്തെ പിഴവുകളും പാസുകള്‍ ശരിയാംവിധം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് കാനഡയെ ഗോളില്‍നിന്ന് അകറ്റിയത്. കാനഡയുടെ മികച്ച ഒരു നീക്കം അര്‍ജന്റൈന്‍ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞിട്ടതും രക്ഷയായി.
44-ാം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ഗോള്‍ ശ്രമം. ബോക്സിനിലുള്ളില്‍ നിന്ന് മെസ്സി തൊടുത്ത വലങ്കാലന്‍ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെസ്സി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. എന്‍സോയുടെ പേരിലാവേണ്ട ഗോളായിരുന്നു അത്. അര്‍ജന്റൈന്‍ മധ്യനിര താരം ബോക്സില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മെസി കാല് വെക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഒന്നോ രണ്ടോ അവസരങ്ങളുണ്ടായിരുന്നു. ഇതിനിടെ കാനഡയുടെ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസ് പരിക്കിനെ തുടര്‍ന്ന് പുറത്തായതും ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു.
90 മിനിറ്റില്‍ ടാനി ഒലുവാസേയിയുടെ ഗോളെന്നുറച്ച ഷോട്ട് മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത നിമിഷം മറ്റൊരു സുവര്‍ണാവസരം കൂടി. ഇത്തവണ ഒലുവാസേയിയുടെ ഹെഡ്ഡര്‍ പുറത്തേക്ക്. അധികം വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങി. കൊളംബിയ – ഉറുഗ്വെ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.202 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് നേടുക എന്നതാണ് വാമോസിന്റെ ലക്ഷ്യം.