ഇംഫാൽ: ഞാൻ ഇവിടെ വരുന്നത് നിങ്ങളുടെ സഹോദരനായാണ്. മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- അക്രമം നാശം വിതച്ച മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിയിൽ കാര്യമായ പുരോഗതിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രശ്നം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്. ഇത് ഒരു വലിയ ദുരന്തമാണ്. ഞാൻ സ്ഥിതിഗതികളിൽ എന്തെങ്കിലും പുരോഗതി പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ലഭിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഇംഫാൽ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധി ജിരിബാം, ചുരാചന്ദ്പൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അക്രമത്തിൽ ഇരയായവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മണിപ്പൂർ ഗവർണർ അനുസൂയ യുകെയെയും അദ്ദേഹം സന്ദർശിച്ചു. “ഞങ്ങൾ ഗവർണറുമായി ചർച്ച നടത്തി. ഞങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കാൻ തയ്യാറാണെന്ന് ഗവർണറെ അറിയിച്ചുവെന്നും രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാത്രി ഇംഫാലിൽ തങ്ങുന്ന അദ്ദേഹം മണിപ്പൂർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
മണിപ്പൂരിലെ ലോക്‌സഭാ എംപിമാരായ അംഗോംച ബിമോൾ അക്കോയിജം (ഇന്നർ മണിപ്പൂർ), ആൽഫ്രഡ് കങ്കം എസ് ആർതർ (ഔട്ടർ മണിപ്പൂർ എന്നിവരും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു.