മദീന – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഭാഗമായി മുഹറം മാസത്തില്‍ മദീന ബസ് സര്‍വീസുകളുടെ സമയക്രമവും റൂട്ടുകളും മദീന വികസന അതോറിറ്റി വെളിപ്പെടുത്തി. നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ ആറു റൂട്ടുകളില്‍ ഈ മാസം ബസ് സര്‍വീസുണ്ടാകും. ഈ റൂട്ടുകളില്‍ ആകെ 132 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്.
ഹറമൈന്‍ ട്രെയിന്‍ റെയില്‍വെ സ്റ്റേഷന്‍-മസ്ജിദുന്നബവി (300-ാം നമ്പര്‍) റൂട്ടില്‍ രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നു വരെ സര്‍വീസുകളുണ്ടാകും. ഈ റൂട്ടില്‍ ആകെ രണ്ടു സ്റ്റേഷനുകളില്‍ മാത്രമാണ് ബസുകള്‍ നിര്‍ത്തുക. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം-മസ്ജിദുന്നബവി (400-ാം നമ്പര്‍) റൂട്ടില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുണ്ടാകും. ഈ റൂട്ടിലും രണ്ടു സ്റ്റേഷനുകളില്‍ മാത്രമാണ് ബസുകള്‍ നിര്‍ത്തുക.
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി-അല്‍ആലിയ (401-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും മീഖാത്ത്-അല്‍ഖാലിദിയ (402-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും അല്‍ഖസ്‌വാ-സയ്യിദുശ്ശുഹദാ (403-ാം നമ്പര്‍) റൂട്ടില്‍ 20 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്-അല്‍ആലിയ (404-ാം നമ്പര്‍) റൂട്ടില്‍ 36 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണുള്ളത്. ഈ നാലു റൂട്ടുകളിലും രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയാണ് ബസ് സര്‍വീസുകളുള്ളതെന്നും മദീന വികസന അതോറിറ്റി അറിയിച്ചു.