ജിദ്ദ – കഴിഞ്ഞ വര്‍ഷം ചികിത്സാ പിഴവുകള്‍ കാരണം രോഗികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട 173 കേസുകളില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശരീഅത്ത് മെഡിക്കല്‍ കമ്മീഷനുകള്‍ ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന 424 കേസുകളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റും കമ്മീഷനുകള്‍ കുറ്റവിമുക്തരാക്കി.
ഏറ്റവുമധികം ചികിത്സാ പിഴവ് കേസുകളില്‍ ശിക്ഷകള്‍ പ്രഖ്യാപിച്ചത് കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടെ 42 കേസുകളില്‍ ശിക്ഷകള്‍ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനത്തുള്ള അസീറില്‍ 26 ഉം മൂന്നാം സ്ഥാനത്തുള്ള തായിഫില്‍ 21 ഉം റിയാദില്‍ 20 ഉം അല്‍ഹസയില്‍ 20 ഉം ഹായിലില്‍ എട്ടും മക്കയില്‍ ഏഴും മദീനയില്‍ ആറും തബൂക്ക്, അല്‍ബാഹ, ജിസാന്‍ എന്നിവിടങ്ങളില്‍ നാലു വീതവും നജ്‌റാന്‍, അല്‍ജൗഫ് പ്രവിശ്യകളില്‍ രണ്ടു വീതവും ചികിത്സാ പിഴവ് കേസുകളില്‍ ശിക്ഷകള്‍ പ്രഖ്യാപിച്ചു.
സൗദിയിലാകെ ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട 18,658 കേസുകളാണ് ശരീഅത്ത് മെഡിക്കല്‍ കമ്മീഷനുകള്‍ക്കു മുന്നിലെത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉയര്‍ന്നുവന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 5,445 ചികിത്സാ പിഴവ് കേസുകള്‍ ശരീഅത്ത് മെഡിക്കല്‍ കമ്മീഷനുകള്‍ക്കു മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 3,401 ഉം മൂന്നാം സ്ഥാനത്തുള്ള ജിദ്ദയില്‍ 2,471 ഉം ചികിത്സാ പിഴവ് കേസുകള്‍ കമ്മീഷനുകള്‍ക്കു മുന്നിലെത്തി. ഏറ്റവും കുറവ് കേസുകള്‍ ഉയര്‍ന്നുവന്നത് അല്‍ബാഹയിലാണ്. ഇവിടെ 123 ചികിത്സാ പിഴവ് കേസുകള്‍ മാത്രമാണ് ശരീഅത്ത് മെഡിക്കല്‍ കമ്മീഷനു മുന്നിലെത്തിയത്.