ബെര്‍ലിന്‍: യൂറോ കപ്പ് സെമിയില്‍ പ്രവേശിച്ച് ഇംഗ്ലണ്ട്. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തിയാണ് ത്രീലയണ്‍സിന്റെ ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നായിരുന്നു സൗത്ത് ഗേറ്റിന്റെ കുട്ടികളുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പിക്ക്‌ഫോഡിന്റെ കരുത്തുറ്റ സേവുകളാണ് ഇംഗ്ലിഷ് നിരയ്ക്ക് യൂറോ സെമി ടിക്കറ്റ് നല്‍കിയത്. ട്രന്റ് അലക്‌സാണ്ടര്‍, ഇവാന്‍ ടോണി, ബുക്കായ സാക്ക, ജ്യൂഡ് ബെല്ലിങ്ഹാം, കോള്‍ പാല്‍മര്‍ എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ ചെയ്തത്. സ്വിസിന്റെ ആദ്യ കിക്കെടുത്ത മാന്വല്‍ അക്കാന്‍ഞ്ചി പിഴച്ചു. പിക്ക്‌ഫോര്‍ഡ് വിദ്ഗദ്ധമായി സേവ് ചെയ്തു. ഷെര്‍, ഷാക്കിരി, അംഡൗനി എന്നിവരാണ് സ്വിസിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഈ യൂറോയിലെ വിരസമായ ആദ്യ പകുതി എന്ന വിശേഷിപ്പിക്കാവുന്ന മല്‍സരമായിരുന്നു. ഇരു ടീമിനും കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ആയില്ല. ഈ യൂറോയിലെ മോശം ഫോം ഇംഗ്ലണ്ട് ഇന്നും തുടര്‍ന്നു. വിദ്ഗധമായ ഒരു മുന്നേറ്റവും ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സ്വിസ് നിര മികച്ച പ്രതിരോധം സൃഷ്ടിച്ചു.
രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 75ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്റാണ് മല്‍സരത്തില്‍ ലീഡെടുത്തത്.ബ്രീല്‍ എംബോളോയാണ് ഗോള്‍ നേടിയത്.അഞ്ച് മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ബുക്കായോ സാക്കയിലൂടെയാണ് ഇംഗ്ലിഷ് പട സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്സര്‍ലന്‍ഡും ചെറിയ ആക്രമണങ്ങള്‍ മാത്രമാണ് നടത്തിയത്. സാക്ക സൗത്ത് ഗേറ്റിന്റെ ശിഷ്യന്‍മാരില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തി. വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്സില്‍ അപകടം വിതച്ചിരുന്നു. എന്നാല്‍ ഫിനിഷിങിലെ അപാകത തിരിച്ചടിയാവുകയായിരുന്നു.
14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.പിന്നീട് എംബോളോ നിരവധി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്. വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫില്‍ ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സ്വിസിന്റെ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചതാണ് ഇംഗ്ലിഷ് ജയത്തിന് തടസ്സമായത്.
38, 34 മിനിറ്റുകളില്‍ ജ്യൂഡ് ബെല്ലിങ്ഹാം, ട്രിപ്പിയര്‍ എന്നിവര്‍ ചെറിയ ശ്രമങ്ങള്‍ നടത്തി. പിന്നാലെ സാക്കയുടെ ക്രോസ് ബോക്സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
51-ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.
വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് ശേഷമാണ് ഇംഗ്ലണ്ട് യഥാര്‍ത്ഥ കളി പുറത്തെടുത്തത്. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സോമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. എക്‌സ്ട്രാ ടൈമില്‍ ഡക്ലന്‍ റൈസിന്റെ ഷോട്ട്് ഗോള്‍ കീപ്പീര്‍ സോമര്‍ സമര്‍ത്ഥമായി തടഞ്ഞു.