മ്യൂണിക്ക്: യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. സെമി ഫൈനല്‍ ലൈനപ്പ് ഇന്നറിയാം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് രാത്രി 9.30ന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് രാത്രി 12.30ന് തുര്‍ക്കിയെയും നേരിടും. ആദ്യ സെമിയില്‍ സ്പെയിനും ഫ്രാന്‍സും ഏറ്റുമുട്ടും. ഇന്നത്തെ രണ്ട് മല്‍സരങ്ങളിലെ വിജയികള്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
ഇരുവരും ഏറ്റുമുട്ടിയ കണക്കില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കമെങ്കിലും നിലവിലെ ഫോമില്‍ സ്വിറ്റ്‌സര്‍ലന്റിനാണ് മുന്‍തൂക്കം. ലോകത്തിലെ മുന്‍നിര ടീമെന്ന ഖ്യാതിയും താരസമ്പന്നമായ ടീമെന്ന വ്യാഖ്യാനവും ഉണ്ടെങ്കിലും ആദ്യ കിരീടം അത് ഇംഗ്ലണ്ടിന് ഇന്നും കിട്ടാക്കനിയാണ്. ആ സ്വപ്‌നം ഇന്നും എളുപ്പമാവില്ല. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വരുന്നത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയം.
ഇംഗ്ലണ്ട് ആകട്ടെ സ്ലൊവാക്കിയക്കെതിരെ കഷ്ടിച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടുകയായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാമും ഹാരി കെയ്‌നും ബുക്കായ സാക്കയും അടങ്ങുന്ന ഇംഗ്ലീഷ് സൂപ്പര്‍താരനിര ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇന്ന് ഇംഗ്ലിഷ് നിര മങ്ങിയ ഫോം തുടര്‍ന്നാല്‍ സ്വിസ് പട ഇംഗ്ലണ്ട് അക്കൗണ്ട് പൂട്ടും.