ജിദ്ദ – അടിയന്തിര കേസുകളില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ അപ്രൂവലിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. 500 റിയാലില്‍ കുറവ് ചെലവ് വരുന്ന ചികിത്സാ സേവനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി അപ്രൂവല്‍ നേടല്‍ നിര്‍ബന്ധമല്ല. ആദ്യ തവണ ഡോക്ടര്‍ പരിശോധിച്ച് 14 ദിവസത്തിനുള്ളില്‍ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ക്ക് അവകാശമുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ്പാലന നിരക്ക് 90 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 12.09 ദശലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇക്കൂട്ടത്തില്‍ 41.1 ലക്ഷം പേര്‍ സ്വദേശികളും 79.7 ലക്ഷം പേര്‍ വിദേശികളുമാണെന്നും കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പറഞ്ഞു.