റിയാദ്- ഇന്ത്യക്കാരനും സൗദിയിലെ ഓൺലൈൻ വ്യാപാര രംഗത്തെ ഭീമനുമായ നൂണിന്റെ സി.ഇ.ഒയുമായ ഫറാസ് ഖാലിദിന് സൗദി പൗരത്വം. പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലാണ് ഫറാസ് ഖാലിദിന് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചത്.
ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, അപൂർവ കഴിവുകളും വൈദഗ്ധ്യവും സ്പെഷ്യലൈസേഷനും ഉള്ള വിശിഷ്ട വ്യക്തികൾ എന്നിവർക്ക് സൗദി പൗരത്വം നൽകുന്നതിന് റോയൽ കോടതി അംഗീകാരം നൽകിയിരുന്നു. ഈ പട്ടികയിലാണ് ഇന്ത്യക്കാരനുമുള്ളത്.
പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് സംരംഭകത്വ മാനേജ്‌മെൻ്റിൽ എംബിഎ നേടിയ ഫറാസ് ഖാലിദ് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണിൻ്റെ സി.ഇ.ഒയാണ്. നംഷിയുടെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഇവിടെ പ്രവർത്തിക്കുന്ന കാലത്ത് 700-ലധികം ബ്രാൻഡുകൾ ഹോസ്റ്റ് ചെയ്യുന്നതിനായി വെബ്‌സൈറ്റ് നിർമ്മിക്കുന്നതിനും നേതൃത്വം നൽകി.
ഇൻ്റർനെറ്റ്, ടെക്‌നോളജി കമ്പനികളെ ഇൻകുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇൻ്റർനെറ്റ് എസ്ഇയുടെ മാനേജിംഗ് ഡയറക്ടറായ ഹിഷാം സർഖയും സൗദി പൗരത്വം അനുവദിച്ച സംരംഭകരിൽ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പേരുകേട്ട മവൂദ്3.കോം (Mawdoo3.com)-ൻ്റെ സിഇഒ റാമി അൽ ഖവാസ്മിക്കും പൗരത്വം അനുവദിച്ചു. 30 വയസ്സ് തികയുന്നതിന് മുമ്പ് അദ്ദേഹം 10-ലധികം കമ്പനികൾ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തു. 2018ൽ ഏണസ്റ്റ് & യംഗ് “എമർജിംഗ് എൻ്റർപ്രണർ ഓഫ് ദ ഇയർ” അവാർഡിനുള്ള അന്തിമ പട്ടികയിൽ ഒരാളാണ് അൽ ഖവാസ്മി.
സൗദി അറേബ്യയിലെ വാണിജ്യ, വിപണി സംവിധാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുള്ള ബ്രിട്ടീഷ് പൗരൻ ജോനാഥൻ എബ്രഹാം മാർഷലിന് സൗദി പൗരത്വം അനുവദിച്ചു.
പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കോളേജ് ഓഫ് ബിസിനസ് ആൻഡ് എൻ്റർപ്രണർഷിപ്പിൽ നിന്ന് സംരംഭകത്വത്തിൽ എംബിഎ നേടിയ സുഡാനീസ് സംരംഭകൻ അഹമ്മദ് മിർഗാനിയും പൗരത്വം നൽകിയവരിൽ ഉൾപ്പെടുന്നു. ബിഐഎം വെഞ്ചേഴ്സിൻ്റെ സ്ഥാപക പങ്കാളിയും നേതാക്കളിൽ ഒരാളുമാണ് അഹമ്മദ് മിർഗാനി.