ന്യൂജേഴ്‌സി:കോപ്പാ അമേരിക്കാ സെമിയില്‍ പ്രവേശിച്ച് അര്‍ജന്റീന. ഇക്വഡോറിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജയം. ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന വിജയം വരിച്ചത്. മല്‍സരം നിശ്ചിത സമയത്ത് 1-1ന് അവസാനിക്കുകയായിരുന്നു. മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയത് അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. കൂടെ മെസ്സിയും സമ്മര്‍ദ്ധത്തിന് അടിമപ്പെട്ടിരുന്നു.
ജോര്‍ജ്ജിയക്കെതിരായ മല്‍സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റി പാഴാക്കായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരില്‍ കുളിച്ചത് ലോകം കണ്ടത്. താന്‍ കാരണം ടീമിന്റെ ക്വാര്‍ട്ടര്‍ യോഗ്യത നഷ്ടമാവുമോ എന്നതായിരുന്നു റോണോയുടെ സങ്കടം. ഇന്ന് കിക്ക് പാഴാക്കിയ മെസ്സിയും അസ്വസ്ഥനായിരുന്നു. അന്ന് പോര്‍ച്ചുഗലിന്റെ രക്ഷകനായി ഡീഗോ കോസ്റ്റ മാറിയത് പോലെ ഇന്ന് അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് ടീമിന്റെ രക്ഷകനായി. മെസ്സിയുടെ പനേങ്ക കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ മാര്‍ട്ടിനെസ് തടുത്തിട്ടു. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഇക്വഡോറിന്‍ മുന്‍നിര താരങ്ങളായ ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ടാണ് മാര്‍ട്ടിനസ് മെസ്സിപ്പടയുടെ രക്ഷകനായത്. എക്വഡോറിനായി ജോണ്‍ യെബോയും ജോര്‍ഡി കായ്സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.
കരുത്തുറ്റ നീക്കങ്ങളുമായി ഒരുങ്ങി തന്നെയായിരുന്നു ഇകഡോറിന്റെ വരവ്. ഒരുവിധത്തിലാണ് അര്‍ജന്റീനന്‍ രക്ഷപ്പെട്ടത്. പരിക്കില്‍ നിന്ന് പൂര്‍ണ്മായും മുക്തനായിരുന്നില്ല മെസ്സി.മല്‍സരത്തില്‍ മെസ്സി നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ഇന്‍ജുറി ടൈമില്‍ കെവിന്‍ റോഡ്രിഗസ് നേടിയ ഗോള്‍ ഇക്വഡോറിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. തുടര്‍ന്ന് മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
മല്‍സരത്തിന്റെ ആദ്യ 15 മിനിറ്റുകള്‍ വിരസമായിരുന്നു. തുടര്‍ന്നാണ് ഇരുടീമും ആക്രമണങ്ങള്‍ തുടര്‍ന്നത്. ആദ്യം ഇക്വഡോര്‍ പ്രതിരോധത്തില്‍ മുന്നേറി. തുടര്‍ന്നാണ് ആക്രമണ തുടങ്ങിയത്. ആദ്യം ജെറെമി സാര്‍മിയെന്റോയുടെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. എന്നാല്‍ ഇക്വഡോര്‍ ആക്രമണം തുടര്‍ന്ന് കൊണ്ടേയിരുന്നു. കെന്‍ഡ്രി പയെസിലൂടെ അടുത്ത ആക്രമണവും ഇക്വഡോര്‍ നടത്തി.
അര്‍ജന്റീനയുടെ നിരവധി ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ഇക്വഡോറിനായി. മല്‍സരം തുടങ്ങി 34-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ഒരു കാര്യമായ മുന്നേറ്റം വന്നത്. കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി മുന്നേറിയ എന്‍സോ ഫെര്‍ണാണ്ടസിന് പക്ഷേ ഫൈനല്‍ തേര്‍ഡില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇക്വഡോര്‍ താരം വില്ലിയന്‍ പാച്ചോയുടെ ഇടപെടല്‍ വന്നതോടെ ആ നീക്കവും പാളി.
തൊട്ടടുത്ത മിനിറ്റില്‍ നിലവിലെ അര്‍ജന്റീന ഇക്വഡോര്‍ വലകുലുക്കി. മെസ്സിയെടുത്ത കോര്‍ണറില്‍ നിന്ന് മാക് അലിസ്റ്റര്‍ ഹെഡറിലൂടെ ഫ്ളിക് ചെയ്ത് നല്‍കിയ പന്ത് മറ്റൊരു ഹെഡറിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു. ഇക്വഡോര്‍ ഗോളി അലക്സാണ്ടര്‍ ഡൊമിന്‍ഗ്വെസ് പന്ത് തട്ടിയെങ്കിലും അപ്പോഴേക്കും പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ലിസാന്‍ഡ്രോയുടെ ആദ്യ ഗോളാണിത്.
ഗോളിനു ശേഷം മറ്റൊരു മികച്ച അന്‍ജന്റീന മുന്നേറ്റത്തിനൊടുവില്‍ എന്‍സോയ്ക്ക് പന്ത് ലഭിച്ചെങ്കിലും ഇത്തവണയും താരത്തിന് ലക്ഷ്യം കാണാനായില്ല. 60-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ്രിഗോ ഡിപോളിന്റെ കൈയില്‍ പന്ത് തട്ടിയതിന് ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത വലന്‍സിയക്ക് പിഴച്ചു. വലന്‍സിയയുടെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇക്വഡോര്‍ ആക്രമണം ശക്തമാക്കി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ അവര്‍ സമനില ഗോള്‍ നേടി. യെബോ ബോക്സിലേക്ക് നല്‍കിയ ക്രോസ് കെവിന്‍ റോഡ്രിഗസ് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ഇക്വഡോര്‍ പ്രതിരോധത്തിനും ആക്രമണങ്ങള്‍ക്കും ഒടുവില്‍ കഷ്ടിച്ചാണ് അര്‍ജന്റീന സെമിയിലേക്ക് മുന്നേറിയത്.