ജിദ്ദ – ഏതാനും മികച്ച ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും സംരംഭകര്‍ക്കും പ്രതിഭകള്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിവിധ മേഖലകളില്‍ രാജ്യത്തിന് പ്രയോജനപ്രദമാകുന്ന നിലക്ക്, നിയമ, മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക വിദഗ്ധര്‍ക്കും പ്രതിഭകള്‍ക്കും സൗദി പൗരത്വം അനുവദിക്കാനുള്ള രാജകീയ ഉത്തരവിന്റെ വെളിച്ചത്തിലാണ് പുതുതായി ഏതാനും പേര്‍ക്ക് പൗരത്വം അനുവദിച്ചത്. പ്രതിഭകളെയും വിദഗ്ധരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ആകര്‍ഷകമായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 ന് അനുസൃതമായാണിത്.
സൗദിയില്‍ സാമ്പത്തിക, ആരോഗ്യ, സാംസ്‌കാരിക, കായിക, ഇന്നൊവേഷന്‍ മേഖലകളില്‍ ഗുണകരമാകുന്ന നിലക്ക് പ്രതിഭകളെയും അത്യപൂര്‍വ സ്‌പെഷ്യലൈസേഷനുകളില്‍ പെട്ടവരെയും ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയായാണ് ഏതാനും പേര്‍ക്ക് പുതുതായി പൗരത്വം അനുവദിക്കാനുള്ള തീരുമാനം. ഇതിനു മുമ്പ് ഹിജ്‌റ 1443 റബീഉല്‍അവ്വല്‍ മാസത്തില്‍ (2021) സല്‍മാന്‍ രാജാവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം അനുവദിച്ചിരുന്നു.
മെഡിക്കല്‍ മേഖലാ ഗവേഷണത്തില്‍ താല്‍പര്യമുള്ള ഏതാനും പ്രശസ്തര്‍ പുതുതായി പൗരത്വം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. അമേരിക്ക, സിങ്കപ്പൂര്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ഗവേഷകരും പ്രതിഭകളും ഇക്കൂട്ടത്തിലുണ്ട്. വാര്‍ധക്യവുമായി ബന്ധപ്പെട്ട ചികിത്സാ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഹെവല്യൂഷന്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയും അമേരിക്കന്‍ പൗരനുമായ മഹ്മൂദ് ഖാന്‍ ആണ് സൗദി പൗരത്വം ലഭിച്ച പ്രധാനികളില്‍ ഒരാള്‍. ഗ്രാന്റുകളിലൂടെ ഗവേഷണത്തിന് ധനസഹായം നല്‍കുന്ന ആദ്യത്തെ നോണ്‍-പ്രോഫിറ്റ് സ്ഥാപനമാണിത്. ആരോഗ്യ ശാസ്ത്രത്തെ ഉത്തേജിപ്പിക്കുന്നതിന് ബയോടെക്‌നോളജി മേഖലയില്‍ ഫൗണ്ടേഷന്‍ നിക്ഷേപങ്ങള്‍ നടത്തുന്നു.
പ്രശസ്തമായ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മഹ്മൂദ് ഖാന് പ്രശസ്തമായ മയോ ക്ലിനിക്കില്‍ പ്രമേഹം, എന്‍ഡോക്രൈനോളജി, പോഷകാഹാരം തുടങ്ങിയ അക്കാദമിക് പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പത്തു വര്‍ഷത്തിലേറെ കാലത്തെ പ്രായോഗിക പരിചയസമ്പത്തുമുണ്ട്. പെപ്‌സികോയില്‍ ഗ്ലോബല്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിങ്കപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഎന്‍ജിനീയറിംഗ് ആന്റ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതല്‍ 2018 വരെ സേവനമനുഷ്ഠിച്ച സിങ്കപ്പൂര്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗിനും പുതുതായി സൗദി പൗരത്വം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ നാനോബയോ ലബോറട്ടറിയെ നയിക്കുന്നു. ഏജന്‍സി ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് റിസേര്‍ച്ചില്‍ സീനിയര്‍ റിസേര്‍ച്ച് ഫെലോയുമാണ്. മെഡിക്കല്‍ ബയോഎന്‍ജിനീയറിംഗ്, നാനോ ടെക്‌നോളജി വിഷയങ്ങളില്‍ നിരവധി പ്രബന്ധങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ യുവ ഗ്ലോബല്‍ ലീഡറായും ജര്‍മന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് അംഗമായും പ്രൊഫ. യിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വേള്‍ഡ് ഹൗസ് ഓഫ് കെമിക്കല്‍ എന്‍ജിനീയേഴ്‌സ് ശതാബ്ദി ആഘോഷത്തില്‍ ആധുനിക കാലഘട്ടത്തിലെ 100 എന്‍ജിനീയര്‍മാരില്‍ ഒരാളായും ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലെബനീസ് ശാസ്ത്രജ്ഞയായ നെവിന്‍ ഖശാബിനും പൗരത്വം ലഭിച്ചിട്ടുണ്ട്. ബയോഎന്‍ജിനീയറിംഗ്, നാനോകോംപോസിറ്റുകള്‍ എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് നെവിന്‍ ഖശാബിനെ സൗദി പൗരത്വത്തിന് തെരഞ്ഞെടുത്തത്. കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് നെവിന്‍ ഖശാബ്. 2009 മുതല്‍ ഇതേ സര്‍വകലാശാലയില്‍ കെമിക്കന്‍ എന്‍ജിനീയറിംഗ്, സയന്‍സ് അസോസിയേറ്റ് പ്രൊഫസറായി ഇവര്‍ സേവമനുഷ്ഠിക്കുന്നു. മരുന്ന് വിതരണം ചെയ്യാനും, കോശങ്ങള്‍ക്കിടയിലെ ആന്റിഓക്‌സിഡന്റ് പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നൂതന സ്മാര്‍ട്ട് ഹൈബ്രിഡ് മെറ്റീരിയലുകളുടെ കണ്ടുപിടുത്തത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ 2017 ല്‍ സയന്‍സില്‍ വനിതകള്‍ക്കുള്ള ലോറിയല്‍-യുനെസ്‌കോ പുരസ്‌കാരം നേടിയവരില്‍ ഒരാളാണ് നെവിന്‍ ഖശാബ്.
1995 ല്‍ മോണ്ട്‌പെല്ലിയര്‍ സര്‍വകാലാശാലയില്‍ നിന്ന് മെംബ്രണ്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യകളില്‍ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ ഗഫൂറിനും സൗദി പൗരത്വം അനുവദിച്ചിട്ടുണ്ട്. കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ പരിസ്ഥിതി സയന്‍സ് എന്‍ജിനീയറിംഗില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന നൂറുദ്ദീന്‍ ഗഫൂര്‍ വളരെ പ്രധാനപ്പെട്ട മേഖലയായ സമുദ്രജല ശുദ്ധീകരണ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. പരിസ്ഥിതി സയന്‍സ് എന്‍ജിനീയറിംഗ്, പുനരുപയോഗ ഊര്‍ജം, മെംബ്രണ്‍ വേര്‍തിരിക്കല്‍ എന്നീ വിഷയങ്ങളില്‍ ഇദ്ദേഹം പ്രബന്ധങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ബി.സി ഈജിപ്ത് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍മുഅ്താലും സൗദി പൗരത്വം ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു.