ജിദ്ദ – സിറിയന്‍ അനാഥ കുട്ടികളുടെ സംരക്ഷണത്തിനും ഇവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന ജോര്‍ദാന്‍ സമൂഹത്തിന് ധനസഹായം നല്‍കാനും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററും ജോര്‍ദാനിയന്‍ ഹാശിമൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷനും കരാര്‍ ഒപ്പുവെച്ചു.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയും ജോര്‍ദാനിയന്‍ ഹാശിമൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ അല്‍ശബ്‌ലിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. അമ്മാനിലെ സൗദി എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍സുദൈരിയും ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളും പങ്കെടുത്തു.
കരാര്‍ പ്രകാരം സിറിയന്‍ അനാഥ കുട്ടികളുടെ സംരക്ഷണത്തിനും അവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന ജോര്‍ദാനിയന്‍ സമൂഹത്തിനും ധനസഹായം നല്‍കാന്‍ 48,92,000 സൗദി റിയാല്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ കൈമാറും. ജോര്‍ദാനിലെ സിറിയന്‍ അനാഥ കുട്ടികളുടെയും ഇവര്‍ക്ക് അഭയം നല്‍കുന്ന ജോര്‍ദാനിയന്‍ സമൂഹത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സൗദി ധനസഹായം വിനിയോഗിക്കും. ഒരു വര്‍ഷത്തേക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കള്‍ വാങ്ങാന്‍ പ്രതിമാസം നിശ്ചിത തുക ധനസഹായമായി വിതരണം നടത്തുകയാണ് ചെയ്യുക.
ഇതിനു പുറമെ സിറിയന്‍ അനാഥ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും പെരുന്നാള്‍ വസ്ത്രവും വിനോദ പരിപാടികള്‍ക്കുള്ള സഹായവും വിതരണം ചെയ്യും. ജോര്‍ദാനിലെ അമ്മാന്‍, അല്‍സര്‍ഖാ, അല്‍മഫ്‌റഖ്, ഇര്‍ബിദ്, അജ്‌ലൂന്‍, ജറശ്, ബല്‍ഖ, മദബ, കെറക്, അല്‍തഫീല, മആന്‍, അഖബ നഗരങ്ങളില്‍ കഴിയുന്ന 1,000 സിറിയന്‍ അനാഥ കുട്ടികള്‍ക്കും ഇവരുടെ സംരക്ഷണ ചുമതല വഹിക്കുന്ന ജോര്‍ദാനി സമൂഹത്തിനും പദ്ധതി പ്രയോജനം ലഭിക്കും.
ക്യാപ്.
സിറിയന്‍ അനാഥ കുട്ടികളുടെ സംരക്ഷണത്തിനും ഇവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന ജോര്‍ദാന്‍ സമൂഹത്തിന് സഹായം നല്‍കാനുമുള്ള കരാറില്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയും ജോര്‍ദാനിയന്‍ ഹാശിമൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ അല്‍ശബ്‌ലിയും ഒപ്പുവെക്കുന്നു.