തിരുവനന്തപുരം – മഹാരാജാവാണെന്ന തോന്നല്‍ തനിക്കില്ലെന്നും താന്‍ എന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
എസ് എഫ് ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും താന്‍ മഹാരാജാവാണ് എന്നൊരു തോന്നല്‍ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് ഞാന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷത്തില്‍ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.