ജിദ്ദ- കള്ളക്കടത്തുകാരുടെ വാക്കു വിശ്വസിച്ച് ഇന്ത്യയിലേക്ക് സ്വർണം കടത്തുന്ന പ്രവാസികൾ കരുതിയിരിക്കുക. രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത നിങ്ങൾക്ക് കനത്ത പണി തരും. സ്വർണ്ണം കടത്തുന്നതിനിടെ പിടിയാലാകുന്നവർക്ക് നിലവിൽ പണം കെട്ടിവെച്ചാൽ പലപ്പോഴും ജാമ്യത്തിൽ പുറത്തിറങ്ങാമായിരുന്നു. അത്യപൂർവ്വമായി മാത്രമാണ് റിമാന്റ് ചെയ്യാറുണ്ടായിരുന്നത്. എന്നാൽ, ഈയിടെ നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസിൽ പ്രതികളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്യും.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനതാവളത്തിൽ സ്വർണ്ണം കടത്തുന്നതിനിടെ പിടിയിലായ തൃശൂർ വാടാനപ്പള്ളി പണിക്ക വീട്ടിൽ മുഹമ്മദ് റഷീദിനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.
നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി സംഘടിത കുറ്റകൃത്യം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് വേണ്ടി സ്വർണ്ണം മിശ്രിത രൂപത്തിലാക്കി വിദേശത്തുനിന്നും ശരീരഭാഗത്ത് ഒളിപ്പിച്ചു കടത്തി എന്നാണ് ഇയാൾക്കെതിരായ കുറ്റം.
ഭാരതീയ ന്യായ സംഹിത പ്രകാരം കരിപ്പൂർ പോലീസ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. സ്വർണ്ണം കടത്താൻ കാരിയർമാരായി കള്ളക്കടത്ത് സംഘം പ്രവാസികളെയാണ് ഉപയോഗിക്കുന്നത്. സ്വർണം സുരക്ഷിതമായി നാട്ടിലെത്തിച്ചാൽ ലഭിക്കുന്ന ചെറിയ തുകക്കാണ് പലരും ഈ കുറ്റകൃത്യം ചെയ്യുന്നത്. അഥവാ കസ്റ്റംസോ പോലീസോ പിടികൂടിയാലും പിഴ അടച്ച് രക്ഷപ്പെടാമെന്ന് കരിയർമാരെ കള്ളക്കടത്ത് സംഘം വിശ്വസിപ്പിക്കും. ഇതുവരെ ഇത്തരത്തിൽ പുറത്തിറങ്ങാനും പറ്റുമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം പ്രതികളെ ജയിലിലേക്ക് അയക്കും. നാട്ടിൽ അവധിക്ക് വരുന്ന പ്രവാസികൾ നേരെ ജയിലിലേക്ക് പോകേണ്ട അവസ്ഥയുണ്ടാകും. തട്ടിപ്പുസംഘത്തിന്റെ വലയിൽ കുടുങ്ങി ദുരിതങ്ങളിൽ പെടാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് വിമാനതാവളത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.