ജിദ്ദ – സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് കേസുകളുടെ സ്വഭാവമനുസരിച്ച് പത്തു ലക്ഷം റിയാല്‍ മുതല്‍ പതിനഞ്ചു ലക്ഷം റിയാല്‍ വരെ ചെലവ് വരുന്നതായി ആരോഗ്യകാര്യ വിദഗ്ധന്‍ മുഹമ്മദ് അല്‍സനാന്‍ വെളിപ്പെടുത്തി.
സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും വിദേശ രാജ്യങ്ങളില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദില്‍ എത്തിക്കാനുള്ള ചെലവ്, ഓപ്പറേഷനു ശേഷമുള്ള ഫോളോ-അപ്പ് എന്നിവക്കുള്ള ചെലവുകള്‍ ഇതിനു പുറമെയാണ്. വ്യത്യസ്ത സ്‌പെഷ്യാല്‍റ്റികളില്‍ നിന്നുള്ള ഡസന്‍ കണക്കിന് ഡോക്ടര്‍മാരും സര്‍ജന്മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയില്‍ പങ്കാളിത്തം വഹിക്കുന്നു.
കേസിന്റെ സ്വഭാവമനുസരിച്ച് 50 മുതല്‍ 100 വരെ പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഓപ്പറേഷനുകള്‍ നടത്തുന്നത്. സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സൗദി പ്രോഗ്രാം വഴി ഇതിനകം 60 ഓപ്പറേഷനുകളാണ് നടത്തിയത്. ഇവക്ക് ആകെ 10 കോടിയിലേറെ റിയാല്‍ ചെലവ് വന്നതായും മുഹമ്മദ് അല്‍സനാന്‍ പറഞ്ഞു.