കോഴിക്കോട്: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി മൃദുൽ(13) ആണ് മരിച്ചത്. കോഴിക്കോട് ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് – ജ്യോതി ദമ്പതികളുടെ മകനാണ്.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11.24-നായിരുന്നു അന്ത്യം. ഇതോടെ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.
ജൂൺ 24-നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ മൃദുൽ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് മസ്തിഷ്ക ജ്വര ബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഠിന ശ്രമം നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി-ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5), കണ്ണൂർ ജില്ലയിലെ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ വി ദക്ഷിണ (13) എന്നി കുട്ടികൾ നേരത്തെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group