ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, സുഡാന്‍ പ്രതിസന്ധി അടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
അതിനിടെ, പുതുതായി ചുമതലയേറ്റ ഈജിപ്ഷ്യന്‍ വിദേശ, കുടിയേറ്റ മന്ത്രി ഡോ. ബദ്ര്‍ അബ്ദുല്‍ആത്തിയുമായി സൗദി വിദേശ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് പുതിയ ചുമതല ഏറ്റെടുത്തതില്‍ അനുമോദിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും രണ്ടു രാജ്യങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഗുണകരമാകുന്ന നിലക്ക് സഹകരണവും ഏകോപനവും തുടരാനുമുള്ള ആഗ്രഹം ഈജിപ്ഷ്യന്‍ വിദേശ മന്ത്രിയെ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു.