കാലിഫോര്‍ണിയ: കഴിഞ്ഞ കോപയില്‍ ഫൈനലില്‍ എത്തിയ ബ്രസീലിന് ഇത്തവണ പോരാട്ടം കടുക്കും. കരുത്തരായ കൊളംബിയോട് ഇന്ന് സമനില വഴങ്ങി കളംവിട്ട മഞ്ഞപ്പടയുടെ അടുത്ത എതിരാളികൾ കരുത്തരായ ഉറുഗ്വെയാണ്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാര്‍ട്ടറില്‍ കടന്നത്. ഇന്ന് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്ടമാകും. ബ്രസീലിന്റെ പ്രധാന തുരുപ്പ്ചീട്ടായ വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുക എന്നത് ദുഷ്‌കരമാവും. നേരത്തെ പരാഗ്വേക്ക് എതിരായ മത്സരത്തിലും വിനീഷ്യസ് ജൂനിയര്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു.
ഗ്രൂപ്പ് ഡിയില്‍ കൊളംബിയക്കെതിരെ ജയം നേടാനുറച്ചാണ് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങിയത്. റഫീഞ്ഞ 12-ാം മിനുറ്റില്‍ കാനറികള്‍ക്ക് ലീഡ് നല്‍കി. ബോക്സിന് പുറത്ത് നിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്കില്‍ റഫീഞ്ഞയുടെ ഇടംകാല്‍ നേരിട്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 19-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറില്‍ സാഞ്ചസ് കൊളംബിയക്കായി ലക്ഷ്യംകണ്ടെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്സൈഡ് ഫ്‌ളാഗുയര്‍ന്നു. എന്നാല്‍ ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍ ബുള്ളറ്റ് ഫിനിഷിംഗിലൂടെ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് കൊളംബിയക്ക് സമനില നല്‍കി. ബോക്സിന് പുറത്തുനിന്ന് കൊര്‍ഡോബ അളന്നുമുറിച്ച് നല്‍കിയ പന്തില്‍ സ്ലൈഡിംഗ് ഫിനിഷുമായി മുനോസ് വലചലിപ്പിക്കുകയായിരുന്നു. ഇടവേളയ്ക്ക് മല്‍സരം സമനിലയില്‍ അവസാനിച്ചു.
മല്‍സരത്തില്‍ ടീമിന് ലീഡ് നല്‍കിയ റഫീഞ്ഞ രണ്ടാംപകുതിയുടെ 59-ാം മിനുറ്റില്‍ ഫ്രീകിക്ക് പാഴാക്കിയത് വീണ്ടും ലീഡ് നേടാനുള്ള ബ്രസീല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പന്ത് വലത് മൂലയിലേക്ക് വളച്ചിറക്കാനുള്ള റഫീഞ്ഞയുടെ മോഹം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നീങ്ങുകയായിരുന്നു.ഫിനിഷിംഗിലെ പിഴവുകളാണ് കൊളംബിയക്ക് തിരിച്ചടിയായത്. അവസാന സെക്കന്‍ഡുകളില്‍ ബ്രസീലിന്റെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി.
അമേരിക്കയെ ഒരു ഗോളിനും ബൊളീവിയയെ അഞ്ചു ഗോളിനും പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചാണ് ഉറുഗ്വെ ക്വാർട്ടറിൽ എത്തിയത്. ബ്രസീലാകട്ടെ രണ്ടു സമനിലയും ഒരു വിജയവും സ്വന്തമാക്കിയാണ് ക്വാർട്ടറിൽ എത്തിയത്. കോസ്റ്ററിക്കയോടും കൊളംബിയയോടും സമനില വഴങ്ങിയ ബ്രസീലിന് പരാഗ്വയെ മാത്രമാണ് തോൽപ്പിക്കാനായത്. (4-1) അടുത്ത മത്സരത്തിൽ വിനിഷ്യസ് ജൂനിയറിനെ നഷ്ടമാകുന്നത് ബ്രസീലിന് ഏൽപ്പിക്കുന്ന പരിക്ക് ചെറുതാകില്ല.