റിയാദ് – ഉടലുകള്‍ പരസ്പരം ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ നിന്ന് സൗദി അറേബ്യ അയച്ച എയര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദിലെത്തിച്ചു. കുട്ടികളെ അനുഗമിച്ച് മാതാവും എത്തിയിട്ടുണ്ട്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കുട്ടികളെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി.
സയാമിസ് ഇരട്ടകളെ സൗദിയിലെത്തിച്ച് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താന്‍ തിരുഗേഹങ്ങളുടെ സേവന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കുകയായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുട്ടികളെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയുടെ വിജയസാധ്യത വിലയിരുത്തി ഓപ്പറേഷന്‍ നടത്തും.